1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2017

സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി എന്നിവര്‍ക്ക് ജാമ്യം, ഗൂഡാലോചന കുറ്റത്തില്‍ നിന്ന് ഒഴിവാക്കണമെന്ന വിടുതല്‍ ഹര്‍ജി തള്ളി. നേതാക്കളടക്കം 12 പേര്‍ക്കെതിരെയാണ് ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ഗൂഢാലോചന കുറ്റം (ഐപിസി 120ബി) ചുമത്തിയിരുന്നത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്തി (153), മതവികാരം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരാധനാലയം തകര്‍ക്കല്‍ (153എ, 295), ദേശീയോദ്ഗ്രഥനത്തിന് കോട്ടം വരുത്തുന്ന വിധത്തില്‍ സംസാരിക്കുക, പൊതുസമാധാനത്തിന് കോട്ടം വരുത്തുന്ന പ്രസ്താവനകള്‍ നടത്തുക (295 എ, 505) എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അദ്വാനി അടക്കമുള്ളവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. കേസില്‍ കോടതിയില്‍ ഹാജരായ നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലായിരുന്നു ജാമ്യം. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തരുതെന്നും കുറ്റവിമുക്തരാക്കണമെന്നും ആവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജിയും നല്‍കിയിരുന്നു. അരമണിക്കൂറോളം വാദം കേട്ടശേഷമാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്.

വൈകാതെ കേസില്‍ വിചാരണ നടപടികള്‍ തുടങ്ങും. ഒരു ദിവസം പോലും പാഴാക്കാതെ വിചാരണ നടത്തണമെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ വിധിപറയണമെന്നുമാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. 25 വര്‍ഷത്തിനു ശേഷമാണ് അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ കോടതിയില്‍ ഹാജരാകുന്നത്. 89കാരനായ അദ്വാനി കേസില്‍ ഇതു രണ്ടാം തവണയാണ് കോടതിയില്‍ എത്തുന്നത്. നേരത്തെ വിവിഐപി ഗസ്റ്റ് ഹൗസില്‍ എത്തിയ അദ്വാനിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.

ബാബ്‌റി മസ്ജിദ് കേസില്‍ ബി.ജെ.പി നേതാക്കളെ വെറുതെവിട്ട കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി കേസ് പുനഃസ്ഥാപിക്കുകയും അദ്വാനി അടക്കമുള്ള നേതാക്കള്‍ ഗൂഢാലോചന കേസില്‍ വിചാരണ നേരിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.