1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവര്‍ ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ. ഏതു രാജ്യത്തായാലും അവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ നാം തയ്യാറാവണം. കഴിഞ്ഞ ഏപ്രില്‍ ഏഴിന് ഒന്‍പതു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ഇനി നീട്ടുകയില്ല.

അതിനാല്‍ നിയമവിരുദ്ധമായി രാജ്യത്തു തങ്ങുന്ന ഇന്ത്യക്കാര്‍ വിസ നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്യണം. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു പോകാന്‍ ടിക്കറ്റില്ലാതെ വിഷമിക്കുന്ന നിര്‍ധനരായ തൊഴിലാളികളെ ഇന്ത്യന്‍ എംബസി സഹായിക്കുമെന്നും അംബാസഡര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസിലും താന്‍ ഇക്കാര്യമാണ് പ്രധാനമായും സൂചിപ്പിച്ചത്. പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്കു നാട്ടില്‍ പോകുവാന്‍ ഔട്ട് പാസ് വിതരണം ചെയ്യുന്നുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി പുതിയ ജോലിയിലേക്ക് മാറുവാനാഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞോ മറ്റോ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു ലിമിറ്റഡ് വാലിഡിറ്റി പാസ്‌പോര്ട്ട് നല്‍കാനും എംബസി സഹായിക്കും. ഇതുവരെയായി ഇത്തരത്തില്‍ 350 പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തു.

വ്യാഴാഴ്ച കഴിഞ്ഞാല്‍ നിയമവിരുദ്ധമായി തങ്ങുന്നവര്‍ പിഴ ഒടുക്കേണ്ടി വരും. ഇതുമായി ബന്ധപെട്ടു കൂടുതല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ വ്യാഴാഴ്ച വരെ കാത്തിരിക്കാതെ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണം. പൊതുമാപ്പ് പ്രയോജനപ്പെടുത്തുവാന്‍ താല്പര്യപെടുന്നവരെ സഹായിക്കുവാന്‍ ഇന്ത്യന്‍ എംബസി സന്നദ്ധമാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.

എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ ഇത്തവണ ഇരുപതോളം പരാതികളാണ് ലഭിച്ചത്. ശമ്പളം ലഭിക്കാതെയും പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങളാലും വിഷമിക്കുന്നവരുടേതായിരുന്നു ഭൂരിഭാഗം പരാതികളും. ഇവക്കു പരിഹാര മാര്‍ഗങ്ങളും സ്വീകരിച്ചു. എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ പന്ത്രണ്ടു മണിവരെ നടത്തുന്ന ഓപ്പണ്‍ ഹൗസില്‍ പരാതികള്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് എംബസി വെബ് സൈറ്റിലൂടെയോ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്.) ഭാരവാഹികള്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.

നിലവില്‍ കൊവിഡിന്റെ സാഹചര്യത്തില്‍ വെര്‍ച്യുല്‍ ആയാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്. അതിനാല്‍ എംബസിയുമായി ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്ക് ഐ.സി.ആര്‍.എഫ്. ഭാരവാഹികളെയോ സാമൂഹിക പ്രവര്‍ത്തകര്‍ വഴിയോ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. കഴിഞ്ഞ ഓപ്പണ്‍ ഹൗസില്‍ ലഭിച്ച നിരവധി പരാതികളില്‍ തീര്‍പ്പു കല്‍പിച്ചു. ബഹ്റൈന്‍ ഗവണ്മെന്റ് ഇന്ത്യന്‍ സമൂഹത്തിനു നല്‍കുന്ന പിന്തുണയെ അംബാസഡര്‍ അഭിനന്ദിച്ചു.

കൊവിഡുമായി ബന്ധപ്പെട്ടും രോഗപ്രതിരോധത്തിനായും നിരവധി കാര്യങ്ങളാണ് ബഹ്റൈന്‍ സര്‍ക്കാരും ഇന്ത്യ ഗവണ്‍മെന്റും നടപ്പിലാക്കുന്നത്. കൊവിഡ് ടെസ്റ്റിനുള്ള ഫീസ് 60 ദിനാറില്‍നിന്നു 40 ദിനാറാക്കി കുറച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ദൈനംദിന പുരോഗതികള്‍ അറിയുവാനായി എല്ലാവരും ഇന്ത്യന്‍ എംബസ്സിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയയും പിന്തുടരണമെന്നും അംബാസഡര്‍ അഭ്യര്‍ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.