1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2023

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നു ബിഎഡ് പഠനം കഴിഞ്ഞെത്തിയ ബഹ്‌റൈനിലെ പല അധ്യാപകരും സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യരായി. ബിരുദവും, ബിരുദാനന്തര ബിരുദവും തുടർന്ന് ബിഎഡ് കോഴ്‌സും പൂർത്തിയാക്കിയ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ പരിശോധനയിൽ അയോഗ്യമാണെന്ന് കണ്ടെത്തിയതാണ് അധ്യാപകര്‍ക്ക് തിരിച്ചടയാക്കിയത്.

ഇന്ത്യയിലെ പല സർവകലാശാലകളിൽ നിന്നു ബിഎഡ് കോഴ്‌സുകൾ പൂർത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളിൽ വർഷങ്ങൾക്ക് മുൻപ് ജോലിക്ക് ചേർന്നവരുടെ സർട്ടിഫിക്കറ്റുകൾ പോലും അയോഗ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ജോലിയിൽ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ക്വാഡ്രാബേ (QuadraBay) എന്ന രാജ്യാന്തര ഏജൻസിയാണ് ബഹ്‌റൈൻ മന്ത്രാലയത്തിന് വേണ്ടി സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. സ്വന്തം ചെലവിൽ ക്വഡ്രാബേ യിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം സ്‌കൂളുകൾ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് അധ്യാപകരോട് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ സ്‌കൂൾ അധികൃതർ നിർദ്ദേശിച്ചത്.

തുടർന്ന് ഭൂരിപക്ഷം അധ്യാപകരും അവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ക്വാഡ്രാബേയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. അതോടെയാണ് പല അധ്യാപകരുടെയും സർട്ടിഫിക്കറ്റ് പരിശോധനാഫലം നെഗറ്റിവ് ആയത്. മുൻപ് അംഗീകാരമുണ്ടായിരുന്ന പല യൂണിവേഴ്സിറ്റികൾക്കും ഇപ്പോൾ അംഗീകാരം ഇല്ലാതായതാണ് ജോലി ചെയ്തുകൊണ്ടിരുന്ന അധ്യാപകർക്കും വിനയായത്.

ഒരു സർട്ടിഫിക്കറ്റിന്‌ 27 ദിനാർ വീതമാണ് പരിശോധനയ്ക്കായി ഓരോ അധ്യാപകരും നൽകേണ്ടത്. രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷമാണ് ക്വാഡ്രാബേ ഇത് സംബന്ധിച്ച ഫലം അറിയിക്കുന്നത്. മുൻപ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി ഡൽഹിയിലേക്ക് അയച്ച് സ്റ്റാമ്പ് ചെയ്തു വരുത്തുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അത് ബഹ്‌റൈനിലെ ചില ഏജൻസികൾ മുഖേനയാണ് ചെയ്തു വന്നിരുന്നത്.

അതിനും ഏജൻസികൾ ഫീസ് ഈടാക്കിയിരുന്നു. മുൻപ് അത്തരത്തിൽ വെരിഫിക്കേഷൻ കഴിഞ്ഞവർക്കും പുതിയ രീതിയിലുള്ള വെരിഫിക്കേഷനും വേണ്ടി വരുന്നതോടെ രണ്ട് തവണ ഫീസ് അടക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയിലെ ചില സർവകലാശാലകളുടെ ബിഎഡ് കോഴ്‌സുകൾ പലതും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടാത്തതാണ് നിലവിൽ പല അധ്യാപകർക്കും വിനയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.