1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2021

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈദ് അവധി ദിനങ്ങളില്‍ നിയന്ത്രണം കടുപ്പിച്ച് ബഹ്‌റൈന്‍ ഭരണകൂടം. നിലവിലെ ഗ്രീന്‍ അലേര്‍ട്ട് ലെവലില്‍ നിന്ന് ഓറഞ്ച് ലെവലിലേക്ക് രാജ്യം മാറിയതായി അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് പ്രാബല്യത്തിലായി.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെയും ഐസിയു കേസുകളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രദേശങ്ങളെ പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ നാലു വിഭാഗങ്ങളായി ജാഗ്രതാ അലേര്‍ട്ട് സംവിധാനം നേരത്തേ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ നിലവിലെ ഗ്രീന്‍ ലെവലില്‍ നിന്നാണ് ഓറഞ്ച് ലെവലിലേക്ക് മാറിയിരിക്കുന്നതെന്ന് നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

തുടര്‍ച്ചയായ നാല് ദിവസത്തെ ശരാശരി ടിപിആര്‍ അഞ്ചിനും എട്ടിനും ഇടയില്‍ വരുമ്പോഴാണ് ഓറഞ്ച് ലെവലിലേക്ക് മാറുക. ഇതുപ്രകാരം വാക്‌സിന്‍ എടുത്തവരാണെങ്കിലും അല്ലെങ്കിലും വീടുകളില്‍ ആറു പേരില്‍ കൂടുതല്‍ ഒരുമിച്ചു കൂട്ടരുത്. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ച ശേഷം 14 ദിവസം പൂര്‍ത്തിയായവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കും ഈ രണ്ടു വിഭാഗത്തില്‍പ്പെട്ടവരുടെ കൂടെയുള്ള 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും വ്യാപാര സ്ഥാപനങ്ങളിലും മറ്റും നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും.

ബിഎവയര്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കും കൂടെ വരുന്ന കുട്ടികള്‍ക്കും മാത്രമായിരിക്കും ഇവിടങ്ങളില്‍ പ്രവേശനം. കഫേകളിലും റെസ്റ്റോറന്റുകളിലും 50 പേര്‍ക്ക് ഔട്ട് ഡോറിലും 30 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. അതേസമയം, അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പലചരക്കു കടകള്‍, മല്‍സ്യ-മാംസ-പച്ചക്കറി കടകള്‍, ബേക്കറികള്‍, പെട്രോള്‍, ഗ്യാസ് സ്റ്റേഷനുകള്‍, അടിയന്തര സ്വഭാവമുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകാത്ത സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകള്‍, കയറ്റുമതി- ഇറക്കുമതി സ്ഥാപനങ്ങള്‍, ഓട്ടോമൊബൈല്‍ റിപ്പയറിംഗ് സ്ഥാപനങ്ങള്‍, സ്പെയര്‍പാര്‍ട്സ് കടകള്‍, ഫാക്ടറികള്‍, ടെലകോം ഓഫീസുകള്‍, ഫാര്‍മസികള്‍, നിര്‍മാണം- മെയിന്റനന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് എല്ലാ ലെവലുകളിലും പ്രവര്‍ത്തനാനുമതി ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.