1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2020

സ്വന്തം ലേഖകൻ: ബഹ്റൈനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചു. വ്യാഴാഴ്ച പ്രിന്‍സ് സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക ഗവണ്മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്തു അധിവസിക്കുന്ന എല്ലാവരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുകയെന്നത് പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് രാജാവിന്റെ നിര്‍ദേശപ്രകാരം എല്ലാവര്ക്കും വാക്സിന്‍ സൗജന്യമായി നല്‍കാനാണ് തീരുമാനമെന്നും പ്രിന്‍സ് സല്‍മാന്‍ അറിയിച്ചു. രാജ്യത്തെ 27 മെഡിക്കല്‍ സെന്ററുകള്‍ വഴിയായിരിക്കും ഇത് വിതരണം ചെയ്യുന്നത്. 18 വയസ്സിനുമേല്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സിന്‍ ലഭിക്കും. പ്രാരംഭത്തില്‍ പ്രതിദിനം 5,000 പേര്‍ക്ക് വീതവും തുടര്‍ന്ന് ദിവസേന 10,000 പേര്‍ക്കും വാക്സിന്‍ നല്‍കുകയെന്നതാണ് ലക്ഷ്യം.

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ എന്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഫെയ്‌സര്‍ ബയോ എന്‍ടെക് വാക്സിന് ഈയിടെ ബഹ്റൈന്‍ അനുമതി നല്‍കിയിരുന്നു. ലോകത്തു ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഈ വാക്സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്റൈന്‍. വിവിധ തലങ്ങളിലെ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ബഹ്റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ഈ വാക്സിന് അനുമതി നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.