
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ ബഹ്റൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സൗദിയിലെത്തിക്കുന്നതിന് സൗദി, ബഹ്ൈറൻ ഇന്ത്യൻ എംബസികൾ തീവ്രശ്രമം തുടരുകയാണന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. സൗദിയിലെ സാമൂഹിക, മാധ്യമ പ്രവർത്തകരോട് വെർച്വൽ പ്ലാറ്റ് ഫോമിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1500 ഓളം ആളുകളാണ് നിലവിൽ സൗദിയിലേക്കുള്ള അനുമതിയും കാത്ത് ബഹ്റൈനിൽ കഴിയുന്നത്.
സൗദി അറേബ്യ അംഗീകരിച്ച പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർക്ക് ദമ്മാം കിങ് ഫഹദ് കോസ്‌വേ വഴി സൗദിയിലേക്ക് എത്താൻ കഴിയില്ലെന്ന പുതിയ നിബന്ധനയാണ് യാത്രക്കാർക്ക് വിനയായത്. സൗദി വിദേശകാര്യ മന്ത്രാലയവുമായും ആരോഗ്യവകുപ്പുമായും ഇതുസംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. വൈകാതെ പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് വരാൻ ഉദ്ദേശിക്കുന്നവർ എത്തിച്ചേരേണ്ട രാജ്യം നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിലെ കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് സൗദിയിലേക്ക് വരാം. ഇവർക്ക് ക്വാറൻറീൻ ആവശ്യമില്ല. സൗദിയിൽ ഇത് ‘ആസ്ട്രാസെനക’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
സൗദി അധികൃതരുമായി ബന്ധപ്പെട്ട് കോവിഷീൽഡും ആസ്ട്രാസെനകയും ഒന്നുതന്നെയാണന്ന് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ ആശങ്കയില്ലാതെ കോവിഷീൽഡ് സീകരിച്ച സാക്ഷ്യപത്രവുമായി സൗദിയിലേക്ക് വരാമെന്നും അംബാസഡർ പറഞ്ഞു. നാട്ടിൽ ആധാർ കാർഡ് നമ്പറാണ് വാക്സിൻ സ്വീകരിച്ച സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തുന്നതെന്ന കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡൽഹിയിലെ ഇന്ത്യൻ കോവിഡ് സെല്ലുമായി ബന്ധപ്പെട്ട് പാസ്പോർട്ട് നമ്പറുകൾ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ അതിനുള്ള നടപടി ആരംഭിക്കും.
അതേസമയം, ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്സിൻ സൗദി അംഗീകരിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ നിരവധി പേർ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് സൗദിയിലേക്കുള്ള യാത്രക്കായി കാത്തിരിക്കുന്നുണ്ട്. കോവാക്സിന് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി തുടരുകയാണന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിലേക്ക് ഓക്സിജനും സിലണ്ടറുകളും മരുന്നുകളും എത്തിക്കാൻ സൗദി അധികൃതർ വലിയ സഹായങ്ങളാണ് ചെയ്തതെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല