1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2021

സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ കോവിഡ് നിയന്ത്രണങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ യെല്ലോ അലേർട്ട് ഘട്ടത്തിലേക്ക് മാറും. നാൽപത് വയസിനും അതിനുമുകളിലും പ്രായമുള്ള 80 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതുവരെ യെല്ലോ ലെവൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവൽ പിന്തുടരുന്ന ബഹ്‌റൈൻ വിവിധ രാജ്യങ്ങളിൽ കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് അടുത്ത മാസം ഒന്ന് മുതൽ യെല്ലോ ജാഗ്രതാ ലെവലിലേക്ക് മാറുന്നത്. ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഏർപ്പെടുത്തിയ ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള സംവിധാനമനുസരിച്ച് ഇനിമുതൽ റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ ലെവലുകളാണ് ഉണ്ടാവുക. ഗ്രീൻ ലെവൽ താൽക്കാലികമായി ഒഴിവാക്കി.

നാൽപത് വയസിനും അതിനുമുകളിലും പ്രായമുള്ള 80 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ യെല്ലോ ലെവൽ തുടരും. 40 വയസും അതിൽ കൂടുതലുമുള്ള പ്രായമുള്ള, രണ്ട് ഡോസ് സിനോഫാം സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് ഒരു മാസമായി കുറച്ചിട്ടുണ്ട്. ഈ പ്രായവിഭാഗത്തിലുള്ളവർക്ക് ബി അവെയർ ആപ്ലിക്കേഷനിലെ ലോഗോയുടെ നിറം ഓഗസ്റ്റ് 31ന് മഞ്ഞയിലേക്ക് മാറും.

ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സമയമായെന്ന് സൂചിപ്പിക്കാനാണ് ഇത്. ബൂസ്റ്റർ ഡോസ് എടുത്ത ശേഷം ലോഗോ വീണ്ടും പച്ചയായി മാറും. ബി അവെയർ ആപ്പ് വഴിയും healthalert.gov.bh എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ബൂസ്റ്റർ ഡോസിന് രജിസ്റ്റർ ചെയ്യാം. 40 വയസും അതിൽ കൂടുതലുമുള്ളവരിൽ 80 ശതമാനം പേരും ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയ ശേഷമായിരിക്കും ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച ലെവലുകളിലേക്കുള്ള അടുത്ത മാറ്റം. ഇത് ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയാകും തീരുമാനിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.