
സ്വന്തം ലേഖകൻ: സൗദിയ്ക്ക് പിന്നാലെ ബഹ്റൈനിലും പൊതുജനങ്ങൾക്ക് കൊവിഡ്19 വാക്സീൻ നൽകിത്തുടങ്ങി. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫ സിനോഫാം വാക്സീൻ സ്വീകരിച്ചു. സ്വദേശികൾക്കും വിദേശികൾക്കും വാക്സീൻ സൗജന്യമാണ്.
കൊവിഡ് പ്രതിരോധത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന കാര്യത്തിൽ പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് രാജാവ് പറഞ്ഞു. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം ഇക്കാര്യത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് മുന്‍നിര പോരാളികൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.
മനാമയിലെ വാക്സീനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയാണ് ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫ വാക്സീൻ സ്വീകരിച്ചത്. തുടർന്ന് പ്രവാസികളും സ്വദേശികളുമായ ഒട്ടേറെപ്പേർ വാക്സീൻ സ്വീകരിച്ചു. ബഹ്റൈനിൽ വാക്സീൻ സ്വീകരിക്കാൻ താൽപര്യമുള്ളവർ healthalert.gov.bh എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല