
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം തികയാനിരിക്കെ വീണ്ടും രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കപ്പെടുത്തുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 14186 പേരെ പരിശോധിച്ചതിൽ 896 പേർക്കാണ് വെള്ളിയാഴ്ച പുതുതായി രോഗം കണ്ടെത്തിയത്.
ഇതിനുമുമ്പ് കഴിഞ്ഞ വർഷം സെപ്റ്റംബർ 16നാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. 841 പേർക്കാണ് അന്ന് പുതുതായി രോഗം കണ്ടെത്തിയത്. ഫെബ്രുവരി ഒന്നുമുതൽ കോവിഡ് കേസുകൾ തുടർച്ചയായി വർധിച്ചുവരുകയാണ്. ഫെബ്രുവരി ഒന്നിന് 525 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രണ്ടിന് ഇത് 657 ആയി ഉയർന്നു. നാലിന് 704 പേർക്കും എട്ടിന് 719 പേർക്കും ഒമ്പതിന് 759 പേർക്കും 10ന് 797 പേർക്കും 11ന് 812 പേർക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് ബഹ്റൈനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിലാണ് പ്രതിദിന കേസുകൾ 500ന് മുകളിൽ കണ്ടെത്തിയത്. ഒക്ടോബർ തുടക്കത്തിലും 500ന് മുകളിൽ കേസുകൾ എത്തിയെങ്കിലും പിന്നീട് കുറഞ്ഞു. നവംബറിൽ 150ൽ താഴെ എത്തിയശേഷമാണ് ഇപ്പോൾ വീണ്ടും കുതിച്ചുയരുന്നത്.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശനമായ നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. റസ്റ്റാറൻറുകളിൽ അകത്ത് ഭക്ഷണം നൽകുന്നത് നിർത്തി. ജിംനേഷ്യങ്ങളുടെയും കായിക കേന്ദ്രങ്ങളുടെയും സ്വിമ്മിങ് പൂളുകളുടെയും പ്രവർത്തവും നിർത്തിവെച്ചിരിക്കുകയാണ്. പള്ളികളിലെ പ്രാർഥനയും രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.
മുൻകരുതൽ നടപടികൾക്കൊപ്പം കോവിഡ് വാക്സിൻ നൽകുന്നതും ഉൗർജിതമായി പുരോഗമിക്കുന്നുണ്ട്. 2,32,540 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. റഷ്യയുടെ സ്പുട്നിക് 5 വാക്സിനും കഴിഞ്ഞ ദിവസം മുതൽ നൽകാൻ ആരംഭിച്ചിട്ടുണ്ട്. അതിവേഗത്തിൽ പടരുന്ന പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണണെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അംഗവുമായ ഡോ. ലഫ്. കേണൽ മനാഫ് അൽ ഖത്താനി പറഞ്ഞു.
വൈറസ് വ്യാപനം തടയുന്നതിൽ വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് മൂലമുള്ള സങ്കീർണാവസ്ഥകൾ പ്രതിരോധിക്കാനും ഇത് സഹായിക്കും. വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിന് എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം നിർദേശിച്ച മുൻകരുതലുകൾ പാലിച്ച് രോഗവ്യാപനം തടയേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. നേരത്തേ നൽകിയിട്ടുള്ള മുൻകരുതൽ നിർദേങ്ങൾ തന്നെയാണ് ഇപ്പോഴും പാലിക്കേണ്ടത്. ബ്രിട്ടനിൽനിന്നുള്ള പുതിയ വകഭേദം നിലവിലെ കോവിഡ് രോഗികളിൽ മിക്കവരിലും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. പ്രായമായവർക്കാണ് പുതിയ വകഭേദം കൂടുതൽ ഭീഷണി ഉയർത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല