1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2024

സ്വന്തം ലേഖകൻ: ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്ക് ഇനി തൊഴില്‍ ലഭിക്കുക അത്ര എളുപ്പമാവില്ല. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് സയ്യിദ് ജവാദ് ഹസന്‍ അറിയിച്ചു. ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ജോലിക്ക് വരുന്നവര്‍ക്കായുള്ളി പ്രത്യേക ലൈസന്‍സ് ടെസ്റ്റ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ പ്രവേശന പരീക്ഷ പാസ്സായാല്‍ മാത്രമേ രാജ്യത്ത് ജോലിയില്‍ പ്രവേശിക്കാനാവൂ. ആവശ്യമായ യോഗ്യതകളും അനുഭവജ്ഞാനവും ഉള്‍പ്പെടെയുള്ള മറ്റ് മാനദണ്ഡങ്ങള്‍ക്കു പുറമൊണ് ഈ പ്രവേശന പരീക്ഷയെന്നും അവര്‍ അറിയിച്ചു.

വിവിധ മേഖലകളിലെ ഡോക്ടര്‍മാര്‍ക്കായിരിക്കും പ്രധാനമായും ലൈസന്‍സ് പരീക്ഷ നടപ്പിലാക്കുക. ബന്ധപ്പെട്ട ക്ലിനിക്കല്‍ മേഖലകളിലെ നൈപുണ്യം, പരിചയം, അറിവ്, വിദ്യാഭ്യാസ, പരിശീലന യോഗ്യതകള്‍ തുടങ്ങിയവയാണ് പരീക്ഷയില്‍ പ്രധാനമായും പരിശോധിക്കുക.

സ്വന്തം നിലയ്ക്ക് രോഗികളെ കണ്‍സല്‍ട്ട് ചെയ്യാനുള്ള ശേഷിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഒരു വിദഗ്ധ സമിതിയുടെ മുമ്പാകെ ഉദ്യോഗാര്‍ഥി ഹാജരാവണമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ബഹ്‌റൈന്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.