
സ്വന്തം ലേഖകൻ: ഇന്ത്യയിൽ രൂപയുടെ മൂല്യത്തിന് കുത്തനെ ഇടിവ് സംഭവിച്ചതോടെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് റെക്കോർഡ് നിരക്ക്. കഴിഞ്ഞ ദിവസം ഒരു ദിനാറിന് 235 രൂപ വരെയാണ് ചില എക്സ്ചേഞ്ചുകളിൽ നിന്ന് ലഭിച്ച നിരക്ക്. രൂപയുമായുള്ള ബഹ്‌റൈൻ ദിനാറിന്റെ കൈമാറ്റത്തിന് ഇത്രയും ഉയർന്ന നിരക്കായതോടെ ഇന്നലെ വൈകിട്ട് മുതൽ മണി എക്സ്ചേഞ്ചുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ ജനുവരി മധ്യത്തോടെ ദിനാറിനു 230 രൂപ വരെ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് നിരക്ക് താഴ്ന്നിരുന്നു. ഫെബ്രുവരി 1 ന് 229.55 രൂപയിൽ എത്തിയ നിരക്ക് ഇന്നലെ മുതൽ വീണ്ടും ഉയരുകയായിരുന്നു. രൂപയുടെ മൂല്യതകർച്ചയാണ് നിരക്കിലുള്ള ഈ വർധനവിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പൊതുവെ നാട്ടിലെ ജീവിതച്ചെലവുകൾ വർധിക്കുമെങ്കിലും പ്രവാസികൾ മുൻപ് എടുത്തിട്ടുള്ള ലോൺ അടവുകൾക്ക് ഈ നിരക്ക് ഗുണകരമാകുമെന്നതാണ് അകെ ഒരു നേട്ടം.
മുൻപ് 10,000 രൂപ മാസ തിരിച്ചടവുള്ള പ്രവാസിക്ക് ഏകദേശം 70 മുതൽ 90 ദിനാർ വരെ അടയ്‌ക്കേണ്ടിവന്നിരുന്നുവെങ്കിൽ ഇപ്പോൾ അതേ തുകയ്ക്ക് 50 ദിനാറിൽ താഴെ അയച്ചാൽ മതിയാകും. ഹൗസിങ് ലോൺ, മക്കളുടെ പഠനാവശ്യങ്ങൾക്ക് വേണ്ടി എടുത്ത ലോണുകൾ അങ്ങനെ ലോൺ എടുത്തവർക്ക് നിരക്കിലെ വർധന വലിയ തോതിലുള്ള ഗുണം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല