
സ്വന്തം ലേഖകൻ: വിവിധ റെസ്റ്റൊറന്റുകളുടെയും ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെയും ഡെലിവറി ബൈക്കുകള്‍ നിയന്ത്രിക്കാന്‍ ബഹ്റൈനില്‍ നിയമം വരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പ്രതിരോധ-ദേശസുരക്ഷാ കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡെലിവറി ബൈക്കുകളുടെ ട്രാഫിക് ലംഘനങ്ങള്‍, അവ ജനങ്ങള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങള്‍, ബൈക്കിന് പിറകില്‍ ഭക്ഷണം കൊണ്ടുപോകുന്നതിന്റെ ആരോഗ്യ സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നത്. എത്രയും വേഗം ഉപഭോക്താക്കളിലെത്താനുള്ള തിരക്കില്‍ ഇത്തരം ബൈക്കുകള്‍ ട്രാഫിക് നിയമങ്ങള്‍ വ്യാപകമായി ലംഘിക്കുന്നതായാണ് സമിതിയുടെ കണ്ടെത്തല്‍.
റോഡിലെ തിരക്ക് ഒഴിവാക്കുന്നതിനായി ആളുകള്‍ക്ക് നടക്കുന്നതിനായുള്ള പെഡസ്ട്രിയന്‍ പാത്തുകളും സൈഡ് വാക്കുകളും മുറിച്ചു കടന്നാണ് ഈ ബൈക്കുകള്‍ പലപ്പോഴും യാത്ര ചെയ്യുന്നത്. ഇത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. ബൈക്കുകളുടെ നിയമ ലംഘനങ്ങള്‍ കാരണം നിരവധി റോഡപകടങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും അധികൃതര്‍ കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല