
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്കുള്ള വഴി ബഹ്റൈനിൽ കുടുങ്ങിയ 1500 ഇന്ത്യക്കാർ സൗദിയിലേക്ക് പോകാനുള്ള സംവിധാനം സാധ്യമാക്കിയതായി സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ അറിയിച്ചു. ഓൺലൈൻ സംവിധാനം വഴി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദ്രാതിർത്തി ലംഘിച്ചതിന് പാക്കിസ്ഥാനിൽ പിടിയിലാവുകയും കറാച്ചിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വഴിമധ്യേ മനാമയിൽ കുടുങ്ങുകയും ചെയ്ത 6 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചതായും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സീൻ സ്വീകരിക്കുന്നതിന് ബഹ്റൈൻ ഭരണകൂടത്തിന്റെ അഭ്യർഥന അനുസരിക്കുന്ന ഇന്ത്യൻ സമൂഹത്തെ സ്ഥാനപതി പ്രശംസിച്ചു.
വാക്സിനേഷൻ റജിസ്ട്രേഷന് പ്രയാസം അനുഭവിക്കുന്നവർക്ക് ഇന്ത്യൻ എംബസിയുടെ ലിങ്കിൽ (https://forms.gle/pMT3v1g3o4yVgnES8 ) റജിസ്റ്റർ ചെയ്യാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യാന്തര യോഗാദിന പരിപാടികളുമായി സഹകരിച്ച സംഘടനകൾക്കും വ്യക്തികൾക്കും സ്ഥാനപതി നന്ദി അറിയിച്ചു.
അർഹരായവർക്ക് ഭക്ഷണം ഉൾപ്പെടെ എത്തിക്കുന്നതിന് എംബസി സജീവമായി രംഗത്തുണ്ട്. സംഘടനകളുടെ സഹകരണത്തോടെയാണ് ദൗത്യം നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില വിഷയങ്ങളിൽ തത്സമയ പരിഹാര നിർദേശം സ്ഥാനപതിയുടെ ഭാഗത്തുനിന്നും ഉണ്ടായി. ചിലത് തുടർ നടപടികൾക്കായി മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല