
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ ഒക്ടോബര്‍ 14 വരെ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നും നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ കഴിഞ്ഞ രണ്ടാഴ്ച ജനങ്ങള്‍ സഹകരിച്ചതുമൂലം രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളോട് ഒരാഴ്ച കൂടി സഹകരിക്കുന്നത് വ്യാപനം തടയുന്നതിന് സഹായകരമാകുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. ഇതിനോട് സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് സാരഥി ലെഫ് കേണല്‍ മനാഫ് അല്‍ കഹ്ത്താനി മുന്നറിയിപ്പ് നല്‍കി.
ബഹ്റൈനില്‍ കൊവിഡ് രോഗബാധ നിയന്ത്രണവിധേയമാണെന്നും അതേസമയം പൊതുജനങ്ങള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് ഖലീഫ അല്‍ മനീയ അഭ്യര്‍ഥിച്ചു. രോഗം പടരാതിരിക്കാന്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്. നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ രോഗ വ്യാപനം തടയാനാവൂ.
നിലവില്‍ രാജ്യത്തു രോഗം നിയന്ത്രണവിധേയമാണ്. അതിനാലാണ് പടിപടിയായി ഓരോ മേഖലയും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നത്. പൊതുജനങ്ങളുടെ സഹകരണമാണ് രോഗപ്രതിരോധത്തിനും ആവശ്യമെന്നും ഇക്കാര്യം ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായെടുത്തു തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൊവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി തുടരുന്ന നിയന്ത്രണങ്ങളോട് രാജ്യത്തെ പൗരന്മാരും വിദേശികളും സഹകരിക്കണം. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇതിനോടകം 14,98,000 പേരെ ടെസ്റ്റിന് വിധേയമാക്കി എന്നത് ആഗോളതലത്തില്‍ റെക്കോര്‍ഡ് ആണ്. ദിവസേന നിരവധി പേര്‍ രോഗമുക്തരായി വിട്ടയക്കപെടുന്നുവെന്നതും ശുഭസൂചകമാണ്. നാം ശ്രമിച്ചാല്‍ രോഗബാധയെ തടയാവുന്നതേയുള്ളു. അതിനായി ഇനി പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കണം.
അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കാതിരിക്കുക, വ്യക്തികള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുക, വൈറസ് ബാധ തടയാന്‍ മുഖാവരണം ഉപയോഗിക്കുക, കൈകള്‍ അണു വിമുക്തമാക്കാന്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരില്‍ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകര്‍ച്ച തടയാന്‍ ശുപാര്‍ശ ചെയ്യുന്നു.
രാജ്യത്തെ ഐസൊലേഷന്‍ സെന്ററുകളുടെയും ക്വാറന്റൈന്‍ സെന്ററുകളുടെയും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് പ്രതിനിധി ഡോ. ജമീല അല്‍ സല്‍മാന്‍ അറിയിച്ചു. ഐസൊലേഷന്‍ കേന്ദ്രത്തില്‍ 7642 ബെഡുകളാണുള്ളത്. എന്നാല്‍ ഇതില്‍ 1137 മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. രാജ്യത്തു നിലവില്‍ 4608 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ 71 പേരൊഴിച്ചു എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെയായി 68,606 പേര്‍ രോഗമുക്തി നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല