1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2023

സ്വന്തം ലേഖകൻ: വിവിധ സോഷ്യൽ മീഡിയകൾ വഴി ബഹ്‌റൈനിൽ ജോലി വാഗ്ദാനം നൽകി പണം തട്ടുന്ന സംഘത്തിൽ മലയാളികളും. നിലവാരമുള്ള രീതിയിലുള്ള ഓഫീസ് മറ്റും കാണിച്ചാണ് ഇവർ പരസ്യങ്ങൾ ചെയ്യുന്നത്. ആകർഷകമായ രീതിയിൽ സംസാരിച്ച് വീ‍ഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. ഈ രീതി ഉപയോഗിച്ച് ഉദ്യോഗാർഥികളെ ആകർഷിക്കുകയാണ് ലക്ഷ്യം വെക്കുന്നത്.

ഇതിലൂടെ പണം തട്ടും. ബഹ്‌റൈനിലേയ്ക്കും നാട്ടിലേക്കും ഉദ്യോഗാർഥികളെ ആവശ്യമുണ്ട് എന്ന രീതിയിൽ പരസ്യം സോഷ്യൽ മീഡിയയിൽ നൽകും. പിന്നീട് എത്തുന്ന ആളുകളെ വലിയ രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും കെണിയിൽ‍ വീഴ്ത്തും. ഗൾഫ് ജോലി സ്വപ്നം കണ്ട് നാട്ടിൽ കഴിയുന്നവർ ആണ് കൂടുതലും കെണിയിൽ വീഴുന്നത്.

അഭിമുഖത്തിന് ഉദ്യോ​ഗാർഥികളെ വിളിക്കും. വളരെ മികച്ച ശമ്പളം ആണ് ഇവർക്ക് വാ​ഗ്ദാനം ചെയ്യുക. ഉദ്യോഗാർഥിയെ നിയമിക്കുന്നതോടെ വീസ എടുക്കാൻ വേണ്ടി പാസ്പോർട്ട് വാങ്ങിവെക്കും. ഓഫർ ലെറ്റർ നൽകി ജോലിക്കായി ഉദ്യോഗാർഥികളെ കൊണ്ടുവരും. പ്രൊബേഷൻ പിരീഡ് എന്ന പേരിൽ തുച്ഛമായ ശമ്പളം നൽകി ഇവരെ കൊണ്ട് ജോലി ചെയ്യിക്കും. മൂന്ന് മാസം കഴിഞ്ഞിട്ടും മുഴുവൻ ശമ്പളവും നൽകാതെ ഇവരെ പിടിച്ചുവെക്കും. എതിർത്ത് സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തും. പാസ്പോർട്ട് മടക്കി നൽകാതെ പല തരത്തിലുള്ള അതിക്രമങ്ങൾ ഇവർ നടത്തും.

പിന്നീട് ശമ്പളം ഇല്ലെതെ ജോലി ചെയ്യേണ്ടെന്ന് തീരുമാനിച്ച് സ്‌ഥാപനത്തിൽ നിന്ന് മാറാൻ തീരുമാനിച്ചാൽ അതിന് സാധിക്കില്ല. അങ്ങനെയുള്ളവരോട് നഷ്ടപരിഹാരം ആവശ്യപ്പെടും. വലിയ തുകയാണ് ഇവരോട് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. എന്നാൽ പലരും ബാക്കിയുള്ള ശമ്പളം വേണ്ടെന്ന് വെച്ച് പോകും. അപ്പോൾ എങ്ങനെയങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തമാത്രമാണ് ഉണ്ടാകുക. ഇങ്ങനെ പോയ ആളുകളുടെ വേക്കൻസിയിൽ പുതിയ ആളുകളെ നിയമിക്കും.

മൂന്നോ നാലോ മാസം ഓരോ ഉദ്യോഗാർഥിയെയും പരമാവധി ചൂഷണം ചെയ്യും. സ്ഥാപനത്തിലെ എല്ലാ ജോലികളും ഇവരെ കൊണ്ട് ചെയ്യിപ്പിക്കും. ബഹ്റെെനിലെ പല വാട്സാപ്പ് ​ഗ്രൂപ്പുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ചർച്ചയായി. തുടർന്ന് മുൻ കാലങ്ങളിൽ തട്ടിപ്പിന് ഇരയായിവർ ​ഗ്രൂപ്പുകളിൽ അനുഭവം വിവരിച്ച് എത്തി.

കേസുകളിൽ കുടുങ്ങിയ ചില പ്രവാസികളുടെ കേസ് തീർപ്പാക്കിത്തന്ന് നാട്ടിലേയ്ക്ക് അയക്കാം എന്ന വാ​​ഗ്ദാനം നൽകി പലരും പണം ആവശ്യപ്പെട്ടു എത്തുന്നുണ്ട്. പലരും അഡ്വാൻസ് നൽകുന്ന പണത്തിന് യാതൊരു വിധ രസീതും സ്‌ഥാപനം നൽകില്ല. അതുകൊണ്ട് പരാതി നൽകാനും മറ്റും സാധിക്കുന്നില്ല. ഈ പഴുത് മുതലെടുത്തുകൊണ്ടാണ് ഇത്തരം സ്‌ഥാപനങ്ങൾ പണം കെെക്കലാക്കുന്നത്.

ബഹ്‌റൈനിൽ ജോലിക്ക് അപേക്ഷിക്കുന്നവർ ഉറപ്പാക്കിയ ശേഷം മാത്രമേ അപേക്ഷിക്കാവു എന്നാണ് അധികൃതർ നൽക്കുന്ന നിർദ്ദേശം. ബഹ്‌റൈനിലെ അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് മാത്രം ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഇടപ്പെട്ടാൽ മതിയെന്ന് സാമൂഹിക പ്രവർത്തകർ ചുണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.