സ്വന്തം ലേഖകന്‍: ബഹറിനില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, 50 ഓളം പേര്‍ പിടിയില്‍, പുറകില്‍ ഇറാനെന്ന് ആരോപണം. ബഹറിന്‍ സുരക്ഷാ സേനയാണ് അമ്പതോളം പേരെ പിടികൂടിയത്. ഇറാന്‍ ബന്ധമുള്ള സംഘടനയിലെ അംഗങ്ങളാണ് ഇവരെന്ന് സേന കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധമായി ഇവരുടെ നീക്കങ്ങള്‍ കണ്ടെത്തിയ സുരക്ഷാ വിഭാഗം മുഴുവന്‍ അംഗങ്ങളെയും അറസ്റ്റു ചെയ്യുകയായിരുന്നു.
സുരക്ഷാ സേനയെ അറബ് പാര്‍ലമെന്റ് സ്പീക്കര്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ജര്‍വാന്‍ പ്രശംസിച്ചു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ നേരിട്ടും അല്ലാതെയും ഇടപെടുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തതായി ബഹറിന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വലിയൊരു ഭീകരാക്രമണത്തിന് പദ്ധതിയിട്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് സംഘം നടത്തിയിരുന്നതെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല