
സ്വന്തം ലേഖകൻ: കിങ് ഫഹദ് കോസ്വേ വഴിയുള്ള യാത്ര മുടങ്ങിയതിനാൽ ബഹ്റൈനിൽ കുടുങ്ങിയ 1000ഒാളം ഇന്ത്യക്കാരിൽ 300ഒാളം പേർ ഇതിനകം സൗദി അറേബ്യയിൽ എത്തിയതായി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ അറിയിച്ചു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഒാപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികൾ ഉൾപ്പെടെയുള്ള സൗദി യാത്രക്കാരാണ് മെയ് 20 മുതൽ ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നത്.
കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്. ബഹ്റൈൻ സർക്കാരിന് മുന്നിലും ഇൗ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. അനുഭാവപൂർണ്ണമായ സമീപനമാണ് സർക്കാരിൽനിന്ന് ലഭിച്ചിരിക്കുന്നത്. സൗദിയിലെ ഇന്ത്യൻ എംബസി മുഖേന അവിടുത്തെ സർക്കാരുമായി ബന്ധപ്പെട്ടും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.
വിമാന മാർഗം ഇവരെ സൗദിയിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ട്രാവൽ ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ 300ഒാളം പേരെ ഇതിനകം സൗദിയിൽ എത്തിച്ചു. സൗദിയിലേക്ക് ചാർേട്ടഡ് വിമാന സർവീസ് നടത്താനുള്ള ചില ഇന്ത്യൻ അസോസിയേഷനുകളുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇക്കാര്യത്തിൽ എംബസിയുടെ പൂർണ്ണ പിന്തുണയും വാഗ്ദാനം നൽകി. കുടുങ്ങിക്കിടക്കുന്നവർട്ട് ഭക്ഷണം, താമസം, മരുന്ന് തുടങ്ങയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പ് വരുത്താൻ ഇന്ത്യൻ അസോസിയേഷനുകളുമായി സഹകരിച്ച് എംബസി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് സാഹചര്യം രൂക്ഷമായ സഹാചര്യത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ അയക്കാനുള്ള സംരംഭത്തിൽ സഹകരിച്ച ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നന്ദി അറിയിച്ചു. 900ഒാക്സിജൻ സിലിണ്ടറുകളും 35 ഒാക്സിജൻ കോൺസൻട്രേറ്ററുകളുമാണ് ഇന്ത്യയിലേക്ക് അയച്ചത്. ഗൾഫ്, അറബ് മേഖലയിൽ പ്രവാസികൾക്ക് പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ മികച്ച റാങ്ക് കരസ്ഥമാക്കിയതിന് ബഹ്റൈനെ അദ്ദേഹം അഭിനന്ദിച്ചു. എക്സ്പാറ്റ് ഇൻസൈഡർ 2021 സർവേയിലാണ് ബഹ്റൈൻ മികച്ച നേട്ടം കൈവരിച്ചത്.
പ്രവാസി സമൂഹത്തിന് പൊതുവിലും കോവിഡ് സമയത്ത് പ്രത്യേകിച്ചും നൽകുന്ന പരിഗണനക്കും കരുതലിനും ബഹ്റൈൻ ഭരണ നേതൃത്വത്തിനും സർക്കാരിനും അംബാസഡർ നന്ദി അറിയിച്ചു. ബഹ്റൈൻ സർക്കാരിെൻറ കോവിഡ് പ്രോേട്ടാക്കോൾ പാലിക്കാനും സമൂഹത്തിെൻറ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ എല്ലാവരും വാക്സിൻ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല