
സ്വന്തം ലേഖകൻ: ഏജന്റുമാരുടെ മോഹന വാഗ്ദാനങ്ങളിൽ കുടങ്ങി സന്ദർശക വീസയിൽ വന്ന് പ്രയാസത്തിലാകുന്നവരുടെ എണ്ണം വർധിക്കുന്നു. മികച്ച ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കമീഷൻ വാങ്ങി ഏജന്റുമാർ ബഹ്റൈനിൽ എത്തിക്കുന്നവരിൽ ഭൂരിഭാഗവും തൊഴിൽ ലഭിക്കാതെ കടുത്ത ബുദ്ധിമുട്ടിലൂടെയും മാനസിക പ്രയാസത്തിലൂടെയുമാണ് കടന്നുപോകുന്നത്. നാട്ടിൽ ഒന്നര ലക്ഷവും രണ്ട് ലക്ഷവുമൊക്കെ ഏജന്റിന് നൽകിയാണ് പലരും ഇവിടേക്ക് വരുന്നത്. തങ്ങൾക്ക് ലഭിച്ചത് വിസിറ്റ് വീസയാണെന്ന് തിരിച്ചറിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. വിസിറ്റ് വീസയാണെന്നറിഞ്ഞിട്ടും ഭാഗ്യം പരീക്ഷിക്കാമെന്ന ചിന്തയിൽ വരുന്നവരുമുണ്ട്.
ജോലി അന്വേഷിച്ച് സ്ഥാപനങ്ങളിൽ എത്തുന്ന മലയാളികളുടെ എണ്ണം ഏറിവരികയാണെന്ന് സാമൂഹിക പ്രവർത്തകരും പറയുന്നു. ഒരു സ്ഥാപനത്തിൽത്തന്നെ ദിവസവും പത്തോളം പേരെങ്കിലും ജോലി തേടി എത്താറുണ്ട്. വിസിറ്റ് വീസയിൽ വന്നവരാണ് ഇവരൊക്കെ. മറ്റൊരാളുടെ വീസ എഡിറ്റ് ചെയ്ത് നാട്ടിലേക്കയച്ചുകൊടുത്ത കബളിപ്പിക്കുന്ന സംഭവങ്ങളും വിരളമല്ല.
വിസിറ്റ് വീസയിൽ വന്ന് ജോലി കണ്ടെത്തുക എന്നത് പ്രയാസകരമായ സാഹചര്യമാണ് ഇപ്പോൾ ബഹ്റൈനിൽ. ഇങ്ങനെ വരുന്നവരിൽ 15-20 ശതമാനം പേർക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. മറ്റുള്ളവരൊക്കെ ദുരിതങ്ങൾക്കൊടുവിൽ തിരിച്ചുപോകേണ്ടി വരുന്നു. ഒരു വർഷത്തെ വിസിറ്റ് വീസയിൽ വരുന്നവർ മൂന്ന് മാസം കൂടുമ്പോൾ ബഹ്റൈന് പുറത്തുപോയി വരണമെന്ന് വ്യവസ്ഥയുണ്ട്.
മുമ്പ് സൗദി കോസ് വേ വഴി ബഹ്റൈന് പുറത്ത് പോവുകയും തിരിച്ചുവരികയും ചെയ്ത്കുറഞ്ഞ ചെലവിൽ വീസ പുതുക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ അത് അത്ര എളുപ്പമല്ല. പകരം, ദുബായിൽ കൊണ്ടുപോയി തിരിച്ചെത്തിക്കുകയാണ് ഏജന്റുമാർ ചെയ്യുന്നത്. വിമാന യാത്രയായതിനാൽ ഇതിന് ചെലവ് കൂടും.
ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധികൃതർ പരിശോധന ശക്തമാക്കിയതും വിസിറ്റ് വീസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. അനധികൃതമായി ജോലി ചെയ്താൽ പിഴയും നാടുകടത്തലും നേരിടേണ്ടി വരും. വിസിറ്റ് വീസയിൽ വരുന്നതിന് മുമ്പ് ബഹ്റൈനിലുള്ള ആരോടെങ്കിലും അന്വേഷിച്ച് സാഹചര്യങ്ങൾ മനസിലാക്കണമെന്ന് സാമൂഹ്യ പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല