1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2024

സ്വന്തം ലേഖകൻ: മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കാന്‍ ബഹ്‌റൈനും. സ്വദേശിവത്ക്കരണത്തിലൂടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് മാന്യമായ ജോലികള്‍ നേടിക്കൊടുക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ ഭരണകൂടം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനികള്‍ക്ക് നിലവില്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്ന സ്വദേശിവത്ക്കരണ നിരക്ക് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിശദമായ രേഖ ഇതിനകം തയ്യാറാക്കിയതായും സര്‍ക്കാര്‍ വൃത്തിങ്ങള്‍ അറിയിച്ചു.
ഇതുപ്രകാരം, നിശ്ചിത ശതമാനം ജോലികളില്‍ സ്വദേശി യുവാക്കള്‍ക്ക് നിയമനം നല്‍കാത്ത സ്വകാര്യ കമ്പനികളെ സര്‍ക്കാര്‍ പദ്ധതികളിലെ കരാറുകള്‍ക്ക് പരിഗണിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ടെണ്ടറുകളില്‍ പങ്കെടുത്ത് തുക ക്വാട്ട് ചെയ്യാന്‍ അനുവദിക്കില്ല.

സ്വകാര്യസ്ഥാപനങ്ങളിലെ ജോലി ഒഴിവുകള്‍ ബഹ്‌റൈന്‍ പൗരന്‍മാര്‍ക്ക് നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയവുമായും ലേബര്‍ ഫണ്ടായ തംകീനുമായും സഹകരിച്ച് വിവിധ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കി വരികയാണ് സര്‍ക്കാര്‍. രാജ്യത്ത് നിക്ഷേപക അനുകൂല സാഹചര്യം സൃഷ്ടിക്കണമെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ബഹ്‌റൈന്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാന്‍ സന്നദ്ധമാവണം. ഇതിന് വഴിയൊരുക്കുന്നതിനായി മികച്ച പരിശീലനത്തിലൂടെയും വിദ്യാഭ്യാസ യോഗ്യതയിലൂടെയും ബഹ്‌റൈന്‍ പൗരന്‍മാരെ തൊഴില്‍ മേഖലയിലെ പുതിയ ആവശ്യങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്തെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബഹ്‌റൈന്‍ പൗരന്‍മാരെ ജോലിക്ക് നിയമിക്കുന്നതിലൂടെ സ്വകാര്യ സ്ഥാപന ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാവുന്നത് ഒഴിവാക്കുന്നതിനായി അവര്‍ക്കായി വേജ് സപ്പോര്‍ട്ട് പ്രോഗ്രാമും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇതുപ്രകാരം പൗരന്‍മാരെ ജോലിക്കെടുത്ത സ്വകാര്യ സ്ഥാപനങ്ങള്‍ ആദ്യവര്‍ഷം നല്‍കേണ്ട ശമ്പളത്തിന്റെ 70 ശതമാനവും രണ്ടാം വര്‍ഷത്തെ ശമ്പളത്തിന്റെ 50 ശതമാനവും മൂന്നാംവര്‍ഷത്തിലെ ശമ്പളത്തിന്റെ 30 ശതമാനവും സബ്‌സിഡിയായി സര്‍ക്കാര്‍ അവര്‍ക്ക് നല്‍കും. സ്വദേശിവല്‍ക്കരണത്തിന്റെ തോത് കൃത്യമായി പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.