1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2019

സ്വന്തം ലേഖകൻ: സ്‌കൂട്ടര്‍ ശ്രേണിയില്‍ പ്രതാപ കാലത്തെ രാജകീയ പദവി തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് ബജാജ്. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ആവേശമായിരുന്ന ചേതക്കിനെ ഇലക്ട്രിക് അവതാരത്തിലേക്ക് കുടിയിരുത്തി സ്‌കൂട്ടര്‍ ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

നാല് പതിറ്റാണ്ടോളം ഇന്ത്യയില്‍ എതിരാളികളില്ലാതെ മുന്നേറിയ ചേതക്, ഇലക്ട്രിക് ആകുമ്പോഴും അതേ വിജയം ആവര്‍ത്തിക്കുമെന്നാണ് ബജാജിന്റെ സ്വപ്‌നം. 1972-ല്‍ പുറത്തിറങ്ങിയ ചേതക്കിന്റെ പടയോട്ടം 2006 ല്‍ ബജാജ് അവസാനിപ്പിച്ചിരുന്നു.

ഇന്ധനക്ഷമതയും കരുത്തുമേറിയ ഇരുചക്ര വാഹനങ്ങളുടെ കടന്നുവരവോടെ ചേതക്കിന്റെ വിപണി മൂല്യത്തിലുണ്ടായ ഇടിവാണ് സ്‌കൂട്ടര്‍ നിര്‍മാണത്തില്‍ നിന്ന് കമ്പനിയെ ബൈക്ക് നിര്‍മാണത്തിലേക്ക് എത്തിച്ചത്. യുവാക്കളുടെ മനം കവരുന്ന സ്റ്റൈലിലാകും ചേതക് ഇലക്ട്രിക് എത്തുന്നത്. ഇന്ത്യ കൂടാതെ യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലും ചേതക് ഇലക്ട്രിക്കിനെ ബജാജ് എത്തിക്കും.

കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബൈക്ക് നിര്‍മാണത്തിലാണെങ്കിലും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിച്ചെടുക്കുമെന്ന് ബജാജ് ഓട്ടോ എം.ഡി രാജീവ് ബജാജ് പറഞ്ഞു. “ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ തടസം വിലയല്ല. ചാര്‍ജ് ചെയ്യാനുള്ള സൌകര്യങ്ങളും മറ്റുമാണ് നിർമ്മാതാവിന്റെ മനസിലുള്ള ആശങ്കയെന്നും ബജാജ് പറഞ്ഞു.

ചേതക്കിന്റെ ഇലക്ട്രിക് പതിപ്പിന്റെ വില വെളിപ്പെടുത്താന്‍ കമ്പനി വിസമ്മതിച്ചെങ്കിലും ആകർഷകമായി വില തന്നെയായിരിക്കുമെന്ന് വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ വരവ് അനിവാര്യമാണെന്നും ഇത്തരം വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള കേന്ദ്രമായി രാജ്യത്തെ വാഹന വ്യവസായം പ്രവർത്തിക്കണമെന്നും മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

പ്രതിവർഷം 7 ലക്ഷം കോടി രൂപയുടെ ഇന്ധനം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ചെലവ് കുറഞ്ഞതും മലിനീകരണരഹിതവുമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് നാം നീങ്ങേണ്ടത് അത്യാവശ്യമാണെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.