സ്വന്തം ലേഖകന്‍: അപകട സമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷി മൊഴികള്‍; പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അപകട സമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷി മൊഴി. 5 പേരുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമാണ് ഇങ്ങനെ മൊഴി നല്‍കിയത്. പിന്നിലെ വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെ മൊഴി നിര്‍ണായകമാണ്.
പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അപകടസ്ഥലം സന്ദര്‍ശിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജ്ജുന്റെ പശ്ചാത്തലവും പരിശോധിക്കും.രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴിയും എടുക്കും. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട കാര്‍ വിദഗ്ധ സംഘം പരിശോധിച്ചു. ഭാര്യ ലക്ഷ്മിയും ഡ്രൈവറും വിരുദ്ധ മൊഴി നല്‍കിയതാണ് സംശയത്തിനിടയാക്കിയത്. ഓരോരുത്തരും ഇരുന്നത് എവിടെയാണ് എന്ന് വിദഗ്ധ പരിശോധനയില്‍ തെളിയും.
കൂടാതെ ഡ്രൈവര്‍ അര്‍ജുനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ മൊഴിയെടുക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് കാര്‍ പരിശോധിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍, മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് മെഡിസിന്‍ സംഘം തലവന്‍ എന്നിവരുള്‍പ്പെടെയുള്ള നാലംഗ സംഘമാണ് കാര്‍ പരിശോധിച്ചത്.
കാര്‍ അപകടത്തില്‍പ്പെടുന്ന വേളയില്‍ ബാലഭാസ്‌കറാണ് ഓടിച്ചിരുന്നത് എന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഭാര്യ ലക്ഷ്മി പറയുന്നു കാര്‍ ഓടിച്ചത് അര്‍ജുന്‍ ആണെന്ന്. വിരുദ്ധ മൊഴി ലഭിച്ച പശ്ചാത്തലത്തില്‍ ബാലഭാസ്‌കറിന്റെ പിതാവ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.
അപകടം നടന്ന സ്ഥലത്തോട് ചേര്‍ന്ന സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകും. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയവരുടെ മൊഴിയും പ്രധാനമാണ്. അപകടവേളയില്‍ കാറിലുള്ളവര്‍ ഇരുന്നത് എവിടെ എന്നറിയാന്‍ ഇതുരണ്ടും സഹായിക്കും. മൊഴിയെടുക്കലുകള്‍ പൂര്‍ത്തിയായാല്‍ സംഭവത്തിന്റെ വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല