1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2024

സ്വന്തം ലേഖകൻ: ദ്വീപിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി ബാലി ഭരണകൂടം. രാജ്യത്ത് ഡെങ്കി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ഥനയുമായി പ്രാദേശിക ഭരണകൂടം രംഗത്തെത്തിയത്. ഡങ്കി പ്രതിരോധ കുത്തിവെപ്പ് ബാലിയില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ വിദേശ സഞ്ചാരികളും എടുക്കണമെന്നാണ് അഭ്യര്‍ഥനയെന്നും ബാലി ആരോഗ്യ വകുപ്പ് പ്രതിനിധി വ്യക്തമാക്കി.

ബാലിയില്‍ 4,177 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. അഞ്ച് മരണങ്ങളും ഇതേ തുടര്‍ന്നുണ്ടായി. രോഗബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ നടപടികള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ബാലിയിലെ പ്രദേശവാസികള്‍ക്കായി സര്‍ക്കാര്‍ വാക്‌സിനുകള്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ ബാലിയിലെത്തുന്ന ആയിരണക്കണക്കിന് വിനോദസഞ്ചാരികള്‍ കൂടെ വാക്‌സിനേഷന്‍ എടുത്താലെ ഡെങ്കി ഭീഷണി ഇല്ലാതാവു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം ആദ്യം മുതലാണ് ഇന്‍ഡൊനേഷ്യയില്‍ ഡെങ്കി കേസുകള്‍ കുത്തനെ ഉയര്‍ന്നത്. ബാലിയിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും വിദേശികള്‍ക്ക് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ബാലി ഭരണകൂടത്തിന് കൃത്യമായ വിവരമില്ല.

പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സര്‍ സുന്ദ ദ്വീപ സമൂഹങ്ങള്‍ക്ക് പടിഞ്ഞാറേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. ഇന്‍ഡൊനീഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ‘ഡെന്‍പസാര്‍’ ആണ്. ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയില്‍ ഉള്‍പ്പെടുന്നു. ഇന്‍ഡൊനീഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളില്‍ ഏറിയ പങ്കും ബാലിദ്വീപില്‍ വസിക്കുന്നു. കഫേകള്‍, ഗാലറികള്‍, യോഗ സ്റ്റുഡിയോകള്‍, ബോട്ടിക്കുകള്‍, മ്യൂസിയങ്ങള്‍, ആഡംബര റിസോര്‍ട്ടുകളും ഉള്‍പ്പടെ ഒരു പെര്‍ഫക്ട് ഡെസ്റ്റിനേഷനാണ് ബാലി.

ദൈവങ്ങളുടെ ദ്വീപെന്നാണ് ബാലിയുടെ വിശേഷണങ്ങളിലൊന്ന്. പര്‍വതങ്ങളും ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ബാലി ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. തനിമയാര്‍ന്ന പുരാതന ക്ഷേത്രങ്ങളെല്ലാം ഇവിടെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവങ്ങളുടെ നാട് കൂടിയാണ് ബാലി. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.