സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പാര്‍ലമെന്റിനു സമീപം ഇരട്ട സ്‌ഫോടനങ്ങള്‍, യുഎഇ അംബാസഡര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. സ്‌ഫോടനങ്ങളില്‍ 22 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ലമെന്റ് ജീവനക്കാര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് അധികൃതര്‍ അറിയിച്ചു. അഫ്ഗാനിലെ പ്രധാന ഇന്റലിജന്‍സ് ഏജന്‍സിയായ നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ ജില്ല മേധാവിയും കൊല്ലപ്പെട്ടവരില്‍ പെടും. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. പാര്‍ലമെന്റിന് പുറത്ത് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫിസില്‍നിന്ന് സുരക്ഷാ ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അല്‍പസമയത്തിനു ശേഷം സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബോംബ് നിറച്ച കാര്‍ പൊട്ടിത്തെറിച്ചു. അമേരിക്കന്‍ യൂനിവേഴ്‌സിറ്റി കെട്ടിടത്തിന്റെ ഗേറ്റിന് സമീപമായിരുന്നു രണ്ട് സ്‌ഫോടനങ്ങളും.
സ്‌ഫോടനത്തില്‍നിന്നു യുഎഇ അംബാസിഡര്‍ ജുമ്മ മുഹമ്മദ് അബ്ദുള്ള അല്‍ –കബിയും കണ്ഡഹാര്‍ ഗവണര്‍ ഹുമയുണ്‍ അസിസും രക്ഷപ്പെട്ടു. അസിസിയുടെ ഗസ്റ്റ് ഹൗസിനെ ലക്ഷ്യംവച്ചാണു അക്രമികള്‍ ആക്രമണം നടത്തിയത്. യുഎഇയുടെ അഭിമുഖ്യത്തില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കായി ഒരു പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമ്പോഴാണ് ഗസ്റ്റ് ഹൗസിനു സമീപം ആക്രമണമുണ്ടായത്.
രണ്ട് സ്‌ഫോടനങ്ങള്‍ക്കു പുറമെ, ചൊവ്വാഴ്ച രാവിലെ കാണ്ഡഹാറിലെ ഹെല്‍മന്ദ് പ്രവിശ്യയിലുണ്ടായ മറ്റൊരു ചാവേര്‍ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രവിശ്യ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് ആയിരുന്നു കാല്‍നടയായി എത്തിയ ചാവേറിന്റെ ലക്ഷ്യമെന്ന് ജനറല്‍ ആഗാ നൂര്‍ കെംതോസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും പൊലീസും ഉള്‍പ്പെടും. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനെയാണ് സംശയമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല