1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2024

സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൃത്യമായി ‘മെയ് ഡേ’ മുന്നറിയിപ്പ് നല്‍കിയതിനാണ് ബൈഡന്‍ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ചത്. മുന്നറിയിപ്പ് ലഭിച്ചതുകാരണം നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘കപ്പലിന്റെ നിയന്ത്രണം നഷ്ടമായി എന്ന് തിരിച്ചറിഞ്ഞ ഉടന്‍ വിവരം മെറിലാന്‍ഡ് ഗതാഗത വകുപ്പിനെ അറിയിക്കാന്‍ കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് കഴിഞ്ഞു. അതിന്റെ ഫലമായി കപ്പലിടിക്കുന്നതിന് മുമ്പായി പാലം അടയ്ക്കാനും ഗതാഗതം നിര്‍ത്തിവയ്ക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. ഇത് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല.’ -ജോ ബൈഡന്‍ പറഞ്ഞു.

മെറിലാന്‍ഡ് സംസ്ഥാനത്തിന്റെ ഗവര്‍ണറും ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് രംഗത്തെത്തി. കപ്പലിലെ ജീവനക്കാര്‍ കൃത്യസമയത്ത് ‘മെയ് ഡേ’ മുന്നറിയിപ്പ് നല്‍കിയതിനാല്‍ പാലത്തിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നും കപ്പലിലെ ജീവനക്കാര്‍ നായകന്മാരാണെന്നുമാണ് മെറിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ പറഞ്ഞത്.

‘അപകടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എങ്കിലും കപ്പലിലുണ്ടായിരുന്ന ജീവനക്കാരോട് നന്ദി പറയാതിരിക്കാന്‍ എനിക്ക് കഴിയില്ല. അവിടെയൊരു ‘മെയ് ഡേ’ സാഹചര്യം ഉണ്ടെന്ന മുന്നറിയിപ്പ് കപ്പലില്‍ നിന്ന് ലഭിച്ച ഉടന്‍ ഞങ്ങള്‍ക്ക് പാലത്തിലേക്ക് കാറുകള്‍ പ്രവേശിക്കുന്നത് തടയാന്‍ സാധിച്ചു. ഇവര്‍ ‘ഹീറോകള്‍’ (നായകന്മാര്‍) ആണ്. കഴിഞ്ഞ രാത്രി അവര്‍ സംരക്ഷിച്ചത് നിരവധി ജീവനുകളാണ്.’ -വെസ് മൂര്‍ പറഞ്ഞു.

റേഡിയോ മുഖാന്തിരമുള്ള ആശയവിനിമയങ്ങളില്‍ അടിയന്തര സാഹചര്യങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പ്രത്യേക വാക്കാണ് ‘മെയ് ഡേ’. ജീവന് ഭീഷണിയുള്ളത്ര ഗൗരവതരമായ സാഹചര്യങ്ങളിലാണ് ‘മെയ് ഡേ’ സന്ദേശങ്ങള്‍ നല്‍കുന്നത്. വിമാനങ്ങളിലെ പൈലറ്റുമാരും കപ്പലുകളിലെ ക്യാപ്റ്റന്മാരുമാണ് പൊതുവേ ‘മെയ് ഡേ’ സന്ദേശം നല്‍കാറ്. ഈ വാക്കിന് ലോക തൊഴിലാളിദിനമായ മെയ് ദിനവുമായി ബന്ധമില്ല. സഹായിക്കുക എന്നര്‍ഥമുള്ള ഫ്രഞ്ച് വാക്കില്‍ നിന്നാണ് ‘മെയ് ഡേ’ ഉണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.