1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2024

സ്വന്തം ലേഖകൻ: യുഎസിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന അപകടത്തിൽ പുഴയിലേക്ക് വീണ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്സ്കോ പുഴയിൽ ചുവപ്പ് പിക്കപ്പിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. കാണാതായ എട്ടുപേരിൽ രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിലെ കുഴികൾ നികത്തുന്ന പണിയിലേർപ്പെട്ടിരുന്നവരാണ് എട്ടുപേരും. മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവദോർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണിവർ.

ഇരുട്ടും അടിയൊഴുക്കും വെള്ളത്തിന്റെ കൊടുംതണുപ്പും കാരണം ചൊവ്വാഴ്ച രാത്രി നിർത്തിവെച്ച തിരച്ചിൽ ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ബാക്കിയുള്ള നാലുപേർക്കായുള്ള തിരച്ചിൽ കോസ്റ്റ് ​ഗാർഡ് അവസാനിപ്പിച്ചു. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്തതിനുശേഷം ഇവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. അതേസമയം, അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനായി കപ്പലിലെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് (ഇന്ത്യൻ സമയം പകൽ 11) ഫ്രാൻസിസ് സ്കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകർന്നത്. 948 അടി നീളമുള്ള കപ്പൽ തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയിൽ വീണു. മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് കപ്പൽ നീങ്ങിയിരുന്നത്.

ശ്രീലങ്കയിലേക്കു ചരക്കുമായി യാത്രതിരിച്ച, സിങ്കപ്പൂർ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. മലയാളിയായ ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ സിനർജി മറൈൻ ഗ്രൂപ്പാണ് ‘ദാലി’യുടെ നടത്തിപ്പുകാർ. കപ്പലിലെ രണ്ടു കപ്പിത്താന്മാരുൾപ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാർ ആയിരുന്നു. അപകടത്തിനു മുൻപേ അപായസന്ദേശം നൽകി പാലത്തിലൂടെയുള്ള ​ഗതാ​ഗതം നിർത്തിവെക്കാൻ സഹായിച്ച കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചിരുന്നു. പാലം ഉടൻ പണിയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

2023-ൽ ചിലിയിൽ നടത്തിയ പരിശോധനയിൽ കപ്പലിന്‍റെ ചില യന്ത്രങ്ങൾക്കും കപ്പലിന്‍റെ ചലനത്തിലും കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് നടന്ന പരിശോധനകളിൽ പ്രശ്നമില്ലെന്നു വ്യക്തമായതായി സിങ്കപ്പൂരിലെ മാരിറ്റൈം ആൻഡ് പോർട്ട് അതോറിറ്റി പറഞ്ഞു. സിങ്കപ്പൂർ കമ്പനിയായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകൾ. നടത്തിപ്പുകമ്പനിയായ സിനർജി മറൈൻ ഗ്രൂപ്പിന്റെയും ആസ്ഥാനം സിങ്കപ്പൂരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.