1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2023

സ്വന്തം ലേഖകൻ: വാഴകൃഷി അസാധ്യമായ ഇറ്റലിയിലും വാഴകുലപ്പിച്ച് മലയാളി. 30 വര്‍ഷമായി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ ഏവൂരില്‍ താമസിക്കുന്ന ആലപ്പുഴ ചെത്തി അറക്കല്‍ വിനീദ് ജേക്കബാണ് ഇതിനു പിന്നില്‍. ഇറ്റലിക്കാര്‍ക്ക് വാഴപ്പഴം ഇഷ്ടമാണെങ്കിലും ഇവിടെ വാഴകൃഷി ചെയ്യാറില്ല. ഇവിടത്തെ തണുത്ത കാലാവസ്ഥയാണ് വാഴകൃഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ നീളുന്ന ശൈത്യത്തെ അതിജീവിക്കാന്‍ വാഴകള്‍ക്കാവില്ലെന്നതാണ് കാരണം. എന്നാല്‍ ഈ സാഹചര്യത്തിലും കേരളത്തെ കടത്തിവെട്ടുന്ന തൂക്കമുള്ള വാഴക്കുലയുടെ വിളവെടുപ്പ് നടത്തിയിരിക്കുകയാണ് വിനീദ്.

ചെറുപ്പം മുതലേ പ്രകൃതിയെയും കൃഷിയെയും പ്രണയിക്കുന്ന പ്രകൃതക്കാരനാണ് വിനീദ്. പരിമിതമായ സ്ഥലം മാത്രമുള്ള തന്റെ ഫ്‌ളാറ്റ് പരിസരം കഴിഞ്ഞ 10 വര്‍ഷമായി കൃഷി സമൃദ്ധമാക്കുകയാണ് ഈ കര്‍ഷകന്‍. ഫ്‌ളാറ്റിനു പിറകിലെ പരിമിതമായ സ്ഥലത്ത് വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും വിളയിക്കുന്നു. നാട്ടില്‍ നിന്ന് ഏതാനും വര്‍ഷം മുമ്പാണ് ഒരു പാളയംകോടന്‍ വാഴക്കന്ന് റോമിലെത്തിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇതില്‍ നിന്ന് കുലകള്‍ കിട്ടിയെങ്കിലും ഈ വര്‍ഷമാണ് ഭീമന്‍കുല ലഭിച്ചത്. 34 കിലോയുള്ള കുല ഇന്നാട്ടിലെ മലയാളികള്‍ക്കിടയിലും കൗതുകകാഴ്ചയായി. വാഴയില്‍ നിന്നുതന്നെ വിളഞ്ഞു പഴുത്ത കുലയുടെ ഒരു പടലയ്ക്ക് ഏഴു കിലോ വരെ തൂക്കമുണ്ട്. പഴങ്ങളെല്ലാം ഫ്‌ളാറ്റിലെ അയല്‍വാസികള്‍ക്കും റോമിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിതരണം ചെയ്യുകയാണ് വിനീദിന്റെ പതിവ്.

ജൈവവളങ്ങളാണ് വാഴയ്ക്കു നല്‍കിയതെന്ന് വിനീദ് പറയുന്നു. റോമിന് പുറത്തുള്ള കന്നുകാലി ഫാമിലെ ചാണകവും പച്ചിലകളുമാണ് വളമായി നല്‍കുന്നത്. വേനല്‍ക്കാലത്ത് രണ്ടുനേരമാണ് ജലസേചനം. തണുപ്പു കാലത്ത് സംരക്ഷണം നല്‍കുന്നതാണ് പ്രധാന വെല്ലുവിളിയെന്ന് വിനീദ് പറയുന്നു. ആവശ്യമായ സൂര്യപ്രകാശം വാഴയ്ക്കുറപ്പാക്കി, ശൈത്യത്തില്‍ നിന്ന് രക്ഷപെടുത്തുന്ന കൃഷിരീതി സ്വീകരിച്ചു.

ഇതിനായി സുതാര്യമായ പ്ലാസ്റ്റിക് കൊണ്ട് വാഴകള്‍ പൂര്‍ണമായി പൊതിയും. ഒപ്പം ചുവട്ടില്‍ വെള്ളത്തിന്റെയും തണുപ്പിന്റെയും അതിപ്രസരം ഉണ്ടാകാതിരിക്കാന്‍ പച്ചിലകള്‍ കൊണ്ട് പുതയിടുകയും ചെയ്യും. ഇങ്ങനെ നല്‍കിയ സംരക്ഷണത്തിനു വാഴകള്‍ നല്‍കിയ സമ്മാനമാണ് കൂറ്റന്‍ കുലയെന്ന് വിനീദ് പറഞ്ഞു.
ഇതു കൂടാതെ റോബസ്റ്റ, പച്ചചിങ്ങന്‍ വാഴകളും നട്ടിട്ടുണ്ട്. കറിവേപ്പ്, ചെറുനാരകം, പയര്‍, പാവല്‍, ചീര തുടങ്ങി എല്ലാ പച്ചക്കറികളും വിനീദിന്റെ ചെറിയ കൃഷിയിടത്തില്‍ നൂറുമേനി വിളവു നല്‍കുന്നു. ജോലിയോടൊപ്പം കൃഷി കാര്യങ്ങളും ഭംഗിയായി നടത്താന്‍ ഭാര്യ ജോബി ജോസും മകന്‍ വില്യമും സഹായിക്കുന്നു. ചെറുതെങ്കിലും പരിമിത സ്ഥലത്ത് വിജയകരമായി നടത്തുന്ന കൃഷിയിലൂടെ ജീവിതത്തില്‍ ഉന്മേഷവും സന്തോഷവും ലഭിക്കുന്നുണ്ടെന്ന് വിനീദും ഭാര്യ ജോബിയും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.