1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2021

സ്വന്തം ലേഖകൻ: ബംഗ്ലാദേശിൽ ദുർഗാ പൂജാ പന്തലുകൾക്കും ഹിന്ദുക്കൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. വിഷയത്തിൽ ബംഗ്ലാദേശ് സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കൊമില്ല നഗരത്തിലെ നനുവർ ദിഗി തടാകക്കരിയിലുള്ള ദുർഗാ പൂജാ പന്തലുകൾക്ക് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്.

ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ദുർഗാ പൂജാ പന്തലുകൾക്കും, ക്ഷേത്രങ്ങൾക്കും, വിഗ്രഹങ്ങൾക്കും നേരെ ഇസ്ലാമിക തീവ്രവാദികൾ ആക്രമണം അഴിച്ച് വിട്ടത്. ബംഗ്ലാദേശിലെ മത-സാമൂദായിക ഐക്യത്തെ തകർക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ അവിടെ നടക്കുന്നതെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ബംഗ്ലാദേശ് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ നിയമവും നിയമസംവിധാനങ്ങളും ശക്തമായി ഇതിനോട് പ്രതികരിക്കും. ധാക്ക ഹൈക്കമ്മീഷനും, ബംഗ്ലാദേശിലെ ഇന്ത്യൻ കോൺസുലേറ്റും അവിടെ സർക്കാരുമായി ഈ വിഷയത്തിൽ നിരന്തരം സംവദിക്കുന്നുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും വ്യക്തമാക്കിയിട്ടുണ്ട്.

ബംഗ്ലാദേശിൽ ദുർഗ പൂജ ആഘോഷങ്ങൾക്കിടെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാല് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 60ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹിന്ദുക്കളായിട്ടുള്ളവരുടെ വീടുകൾ തിരഞ്ഞു പിടിച്ചും തീവ്രവാദികൾ അക്രമം നടത്തുകയായിരുന്നു. വിവിധ മുസ്ലീം സംഘടനകളുടെ പേരിലാണ് തീവ്രവാദികൾ ഹിന്ദുക്കളെ ആക്രമിച്ചത്.

സംഘർഷം രൂക്ഷമായതോടെ ഹജിഗഞ്ജിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയിൽ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. അതേസമയം ഇത്തരം സംഭവങ്ങൾ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്ന് അവാമി ലീഗ് ജനറൽ സെക്രട്ടറി ഒവൈദുൾ ഖുവാദർ പറഞ്ഞു. സാമൂദായിക സ്പർധ ഉണ്ടാക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തും. ഇത്തരം അക്രമങ്ങളെ ഒരുമിച്ച് നേരിടണമെന്നും ഖുവാദർ പറഞ്ഞു.

രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കും എതിരേ ആക്രമണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് സർക്കാരും ഉറപ്പ് നല്‍കി. മുസ്ലീം ഭൂരിപക്ഷരാഷ്ട്രമായ ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ഇന്ത്യ അടക്കം ആശങ്ക രേഖപ്പെടുത്തിയതിന് പിറകെയാണ് നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.