സ്വന്തം ലേഖകൻ: അടുത്തിടെ നടന്ന മാലദ്വിപിലെ തെരഞ്ഞെടുപ്പില്‍ മുഴങ്ങിക്കേട്ടത് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു. ഇന്ത്യ ഔട്ട് എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തിയാണ് മുഹമ്മദ് മൊയ്സു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ഇത്തരത്തില്‍ സമാനമായ ഇന്ത്യ ഔട്ട് ക്യാമ്പയിന്‍ നമ്മുടെ അയല്‍ രാജ്യത്ത് നിന്നും ഉയരുന്നുണ്ട്. ബംഗ്ലാദേശിലാണ് ഇന്ത്യ വിരുദ്ധ ക്യാമ്പയിൻ ശക്തിപ്പെടുന്നത്. ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് ഇങ്ങനെ ഒരു പ്രചാരണത്തിന് പിന്നില്‍.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ബിഎന്‍പിയുടെ ആക്ടിംഗ് ചെയര്‍മാനായ താരിഖ് റഹ്മാന്‍ ആഹ്വാനം ചെയ്യുന്നു. ബംഗ്ലാദേശിലെ പ്രസിഡന്‍റ്, പ്രധാനമന്ത്രി സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന സിയാവുള്‍ റഹ്മാന്റെയും ഖാലിദയുടെയും മകനാണ് താരിഖ് റഹ്മാന്‍. ഇപ്പോള്‍ പാര്‍ട്ടിയുടെ ആക്റ്റംഗ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നു.
ഒരു കാലത്ത് ബംഗ്ലാദേശിന്‍റെ അധികാരം കയ്യടക്കിയിരുന്ന ബിഎന്‍പി എന്ന പാര്‍ട്ടി തകര്‍ച്ച നേരിടുകയാണ്. 2009ല്‍ അധികാരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അങ്ങോട്ട് പാര്‍ട്ടിക്ക് കഷ്ടകാലമാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണങ്ങളും 2019ലെ ഏറ്റവും കുറഞ്ഞ വിജയവും പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് ബിഎന്‍പി ഇപ്പോള്‍ ഇന്ത്യ ഔട്ട് തന്ത്രം സ്വീകരിച്ചിരിക്കുന്നത്.
സ്വന്തം രാജ്യത്തിന് നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുകയാണ് താരിഖ് റഹ്മാന്‍. അവിടെ നിന്നാണ് താരിഖ് റഹ്മാന്‍ ‘ഇന്ത്യ ഔട്ട്’ ക്യാമ്പയിൻ സംഘടിപ്പിക്കുത്. ‘ഇന്ത്യ ഔട്ട്’ ക്യാമ്പയിൻ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ബിഎന്‍പി പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനായി ആഹ്വാനം ചെയ്യുവാന്‍ #IndiaOut ടാഗ് ക്യാമ്പയിന്‍ ഉപയോഗിക്കുന്നു.
വലിയ പ്രചാരണമൊക്കെ ബിഎന്‍പി നടത്തുന്നുണ്ടെങ്കിലും അതിന് കാരണമായി പറയുന്ന വിഷയങ്ങള്‍ക്ക് അത്ര ഉറപ്പില്ല. സൗത്ത് ഏഷ്യയില്‍ തന്നെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ബംഗ്ലദേശിനുള്ളത്. 2026 ആകുമ്പോഴേക്കും രാജ്യം വലിയ കുതിപ്പ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെയാണ് ഇന്ത്യ അയല്‍ രാജ്യത്തിന്റെ കാര്യങ്ങളില്‍ ഇടപെടുന്നു എന്ന ആരോപണം ബിഎന്‍പി ഉയര്‍ത്തുവാന്‍ ശ്രമിക്കുന്നത്.
ബിഎന്‍പി ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ബംഗ്ലാദേശിന് പാകിസ്ഥാനുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ വന്നപ്പോള്‍ ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെട്ടു . ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ഇന്ത്യയുമായി മികച്ച ബന്ധം കാത്ത് സുക്ഷിക്കുവാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ്.
ബംഗ്ലദേശില്‍ ചൈന വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയോടുള്ള നിലപാടില്‍ ഷെയ്ഖ് ഹസീന ഉറച്ച് നില്‍ക്കുന്നു. മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ബംഗ്ലദേശുമായുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് ഏറെ വിലപ്പെട്ടതാണ്. ഇന്ത്യ – ചൈന വഴക്ക് തല്‍ക്കാലം കണ്ടില്ലെന്നു നടിക്കുന്ന സമീപനമാണ് ഹസീനയുടേത്. ‘ഒരൊറ്റ ചൈന’ നയത്തെ ബംഗ്ലദേശ് തള്ളിപ്പറയുന്നില്ല. അതേസമയം, തീവ്രവാദത്തെ ചെറുക്കാനും രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വ്യാപാരവും വിനിമയങ്ങളും ഉറപ്പുവരുത്താനുമുള്ള പാശ്ചാത്യലോകത്തിന്റെ ശ്രമങ്ങളെ ഇന്ത്യയ്ക്കൊപ്പം ബംഗ്ലദേശ് പിന്തുണയ്ക്കുന്നു.
അതേസമയം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പറയുന്ന പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് എത്ര ഇന്ത്യന്‍ സാരികളുണ്ടെന്നു വെളിപ്പെടുത്തണമെന്നും എന്തുകൊണ്ടാണ് അതു തീവച്ചു നശിപ്പിക്കാത്തത് എന്നു പറയണമെന്നും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അവാമി ലീഗ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഷെയ്ഖ ഹസീന ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഇന്ത്യന്‍ ഉല്‍പന്ന ബഹിഷ്‌കരണ വിഷയത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല