1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2024

സ്വന്തം ലേഖകൻ: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്നും പുറത്താക്കുന്നതിന് ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ന്യൂയോര്‍ക്കില്‍ നടന്ന ക്ലിന്റണ്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെ വാര്‍ഷികയോഗത്തിലാണ് ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിന് പിന്നില്‍ നടന്ന ‘ഗൂഢാലോചന’യെക്കുറിച്ച് മുഹമ്മദ് യൂനുസ് വെളിപ്പെടുത്തല്‍ നടത്തിയത്.

ബംഗ്ലാദേശിലെ പ്രതിഷേധത്തിന് പിന്നില്‍ ആരാണെന്ന് ആര്‍ക്കും കണ്ടെത്താനാവില്ലെന്ന് തന്റെ പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. എന്നാല്‍, തന്റെ സഹായിയായ മഹ്ഫുജ് അബ്ദുള്ളയെന്നയാള്‍ക്ക് ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുണ്ടെന്ന സൂചന അദ്ദേഹം നല്‍കി. ഈ പുറത്താക്കൽ സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തതാണെന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണും നിലവിലെ പ്രസിഡന്റ് ജോ ബൈഡനും ചേര്‍ന്ന് മുഹമ്മദ് യൂനുസിനെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. പരിപാടിക്കിടെ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാക്കളെ ആദരിച്ചു. ‘‘ബംഗ്ലാദേശിലെ പുതിയ പതിപ്പ് സൃഷ്ടിക്കുന്നത് അവരാണ്. അവര്‍ക്ക് വിജയാശംസകള്‍ നേരുന്നു,’’ വിദ്യാര്‍ത്ഥികളെ ആദരിച്ചുകൊണ്ട് മുഹമ്മദ് യൂനുസ് പറഞ്ഞു.

സര്‍ക്കാര്‍ സംവരണത്തെച്ചൊല്ലിയുള്ള വിദ്യാര്‍ഥിപ്രക്ഷോഭം രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുകയും ഷെയ്ഖ് ഹസീനയുടെ വസതി പ്രക്ഷോഭകാരികള്‍ കൈയ്യേറുകയും ചെയതോടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ച ഹസീന ഇന്ത്യയില്‍ രാഷ്ട്രീയ അഭയം പ്രാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സാമ്പത്തിക വിദഗ്ധനും നോബേല്‍ പുരസ്‌കാര ജേതാവുമായ മുഹമ്മദ് യൂനുസിനെ രാജ്യത്തിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിരുന്നതായി ആശങ്ക ഉയര്‍ന്നിരുന്നു.

ബംഗ്ലാദേശിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തു. ‘‘യുഎസ്-ബംഗ്ലാദേശ് ബന്ധം ജനാധിപത്യ മൂല്യങ്ങളിലും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിലും വേരൂന്നിയതാണ്,’’ വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.

പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്ക?

ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് ‘ഒരു അദൃശ്യ കൈ’യുടെ പങ്കുണ്ടെന്ന് സിഎന്‍എന്‍-ന്യൂസ് 18 നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. തൊഴില്‍ സംവരണ നിയമം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് രക്തച്ചൊരിച്ചിലിലേക്ക് നീങ്ങിയ പ്രക്ഷോഭത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സൂചനയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുഹമ്മദ് യൂനുസിന് ലോക വേദിയിലേക്കുള്ള ഔദ്യോഗിക പരിചയപ്പെടുത്തലായിരുന്നു ക്ലിന്റണ്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെ വാര്‍ഷികയോഗമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സിഎന്‍എന്‍ ന്യൂസ് 18നോട് പറഞ്ഞു.

യൂനുസും യുഎസുമായുള്ള ബന്ധം നേരത്തെ തന്നെ അറിയപ്പെടുന്നതാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരിക്കലും വായ്പകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത സാധാരണക്കാരുടെ ജീവിതം മാറ്റിമറിയ്ക്കുന്നതില്‍ ഭൂമിയില്‍ യൂനുസിനെപ്പോലെ വളരെ കുറച്ച് ആളുകള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂവെന്ന് പരിപാടിക്കിടെ ബില്‍ ക്ലിന്റണ്‍ പറഞ്ഞു.

1980 മുതല്‍ സഹൃത്തുക്കളാണ് ക്ലിന്റണും യൂനുസും. അന്ന് അര്‍ക്കന്‍സാസിന്റെ ഗവര്‍ണറായിരുന്നു ക്ലിന്റണ്‍. പരമ്പരാഗത ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കാത്ത ദരിദ്രരായ ബംഗ്ലാദേശി സ്ത്രീകളെ ചെറിയ വായ്പകള്‍ ലഭ്യമാക്കി വിജയകരമായി ശാക്തീകരിക്കുകയും ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കാനും നടത്തിയ ശ്രമങ്ങള്‍ വിവരിക്കാന്‍ മുഹമ്മദ് യൂനുസിനെ ക്ലിന്റണ്‍ അക്കാലത്ത് ക്ഷണിച്ചിരുന്നു.

തന്റെ സാമൂഹിക സേവനങ്ങളുടെ തുടക്കകാലത്ത് തന്നില്‍ വിശ്വാസമര്‍പ്പിച്ചതിലും വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ ഒരു ബംഗ്ലാദേശി സാമ്പത്തിക വിദഗ്ധന്റെ ആശയങ്ങള്‍ അമേരിക്കയില്‍ പ്രോത്സാഹിപ്പിച്ചതിനും യൂനുസ് ക്ലിന്റണിനോട് നന്ദി പറഞ്ഞു.

തുറമുഖപ്രശ്‌നത്തില്‍ ഒരു രാജ്യവുമായി കരാറിലേര്‍പ്പെടാന്‍ വീസമ്മതിച്ചതിന് ആ രാജ്യം തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതായി ഒരു അഭിമുഖത്തില്‍ ഷെയ്ഖ് ഹസീന വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.