1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2023

സ്വന്തം ലേഖകൻ: മലേഷ്യയിലെ പോർട്ട് ക്ലാങ്ങ് തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്‌നറുകൾ പരിശോധിക്കവേയാണ് ഒരു കണ്ടെയ്‌നറിനുള്ളിൽ നിന്നും ആരോ മുട്ടുന്ന ശബ്ദം ജീവനക്കാർ ശ്രദ്ധിച്ചത്. തെല്ലൊന്ന് പതറിയെങ്കിലും ധൈര്യം സംഭരിച്ച് കണ്ടെയ്‌നർ തുറന്ന ജീവനക്കാർ ഞെട്ടി. ഏകദേശം 15 വയസ്സോളം തോന്നിക്കുന്ന ഒരു ആൺകുട്ടിയായിരുന്നു കണ്ടെയ്‌നറിനുള്ളിൽ.

വെപ്രാളത്തോടെ കുട്ടിയെന്തോ പറയുന്നുണ്ടായിരുന്നുവെങ്കിലും ഭാഷ ജീവനക്കാർക്ക് മനസ്സിലാകുന്നതല്ലായിരുന്നു. മനുഷ്യക്കടത്ത് സംശയിച്ച് ഉടൻ തന്നെ ജീവനക്കാർ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചു. അവരെത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തറിയുന്നത്. ഒളിച്ചുകളിക്കിടെ കണ്ടെയ്‌നറിലിരുന്ന് ഉറങ്ങിപ്പോയതാണ് ഫഹീം എന്ന ബാലൻ. കടൽ കടന്ന് കണ്ടെയ്‌നറിനൊപ്പം മലേഷ്യയിൽ ഫഹീമുമെത്തി.

ജനുവരി 11ന് ബംഗ്ലദേശിലെ ചിറ്റഗോങ്ങിൽ നിന്നും പുറപ്പെട്ട കപ്പൽ ജനുവരി 17നാണ് മലേഷ്യൻ തീരത്തടുക്കുന്നത്. ഇത്രയും ദിവസം കണ്ടെയ്‌നറിനുള്ളിലിരിക്കുകയായിരുന്നു ഫഹീം. ബംഗ്ലദേശിലെ ചിറ്റഗോങ് സ്വദേശിയാണ് ഫഹീമെന്നും മനുഷ്യക്കടത്തല്ല, കളിക്കിടെ അറിയാതെ കണ്ടെയ്‌നറിൽ കുടുങ്ങുകയായിരുന്നുവെന്നും മനസ്സിലാക്കിയ അധികൃതർ മനുഷ്യക്കടത്തിന്റെ സാധ്യതകളും പരിശോധിച്ചിരുന്നു.

കണ്ടെയ്‌നറിൽ ഫഹീം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും മനുഷ്യക്കടത്ത് സംശയിക്കേണ്ടതില്ലെന്നും മലേഷ്യൻ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പോർട്ട് ക്ലാങ്ങിലെത്തിയപ്പോഴേക്കും അവശനിലയിലായ ഫഹീമിനെ ചികിത്സയ്ക്ക് ശേഷമാണ് അധികൃതർ തിരിച്ചയച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.