1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2023

സ്വന്തം ലേഖകൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ ബേസിക് പലിശ നിരക്ക് 4.25 ശതമാനമായി ഉയർത്തി. നിലവിലുണ്ടായിരുന്ന നാലു ശതമാനത്തിൽനിന്നാണ് 0.25 ശതമാനത്തിന്റെ വർധന പ്രഖ്യാപിച്ചത്. തുടർച്ചയായി ഇത് പതിനൊന്നാം തവണയാണ് കോവിഡിനു ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയർത്തുന്നത്. 14 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്. രാജ്യത്തെ പണപ്പെരുപ്പനിരക്ക് കഴിഞ്ഞമാസം അപ്രതീക്ഷിതമായി 10.1 ശതമാനത്തിൽനിന്നും 10.4 ശതമാനത്തിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരായത്.

എന്നാൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഈ തീരുമാനം മോർഗേജുള്ളവരെ ശരിക്കും വലയ്ക്കും. അഞ്ചു ശതമാനത്തിൽ താഴെ ഫിക്സഡ് മോർഗേജുകൾ അസാധ്യമായ സാഹചര്യമാണ് നിലലവിലുള്ളത്. ഇത് ഇനിയും ഉയരാൻ ഇന്നത്തെ തീരുമാനം കാരണമാകും. ട്രാക്കർ മോർഗേജുകൾക്കും ശരാശരി 50 പൗണ്ടിന്റെ വർധനയുണ്ടാകും.

2008ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തിലാണ് സമാനമായ രീതിയിൽ പലിശനിരക്ക് നാലു ശതമാനത്തിലെത്തിയത്. ഇപ്പോൾ രാജ്യം വീണ്ടും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുുന്ന ഘട്ടത്തിലാണ് തിരുത്തൽ നടപടികളുടെ ഭാഗമായുള്ള ഈ പലിശ വർധനകൾ. മോർഗേജുകളെയും ക്രെഡിറ്റ് കാർഡ് പേമെന്റുകളെയും ബാങ്ക് ലോണുകളെയുമെല്ലാം പലിശനിരക്കിലെ വർധന നേരിട്ടു ബാധിക്കും. പുതിയ മോർഗേജുകൾക്ക് ഇപ്പോൾതന്നെ പലിശനിരക്ക് അഞ്ചുശതമാനത്തിനു മുകളിലാണ്. ഇത് ആറും ഏഴും ശതമാനത്തിനു മുകളേക്ക് ഉയരാൻ ഇന്നത്തെ തീരുമാനം വഴിവയ്ക്കും.

ബേസ് റേറ്റ് രണ്ടു ശതമാനത്തിന് മുകളിലേക്ക് ഉയർന്നപ്പോൾ തന്നെ വീടു വിപണിയിൽ ഇടിവ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മൂന്നു മാസംകൊണ്ട് എട്ടു മുതൽ പത്തുശതമാനം വരെ വിലക്കുറവാണ് പ്രോപ്പർട്ടി മാർക്കറ്റിൽ ഉണ്ടായത്. പലിശനിരക്കിലെ ഇപ്പോളത്തെ വൻ വർധന വീടുവിപണിയെ ഇനിയും തളർത്തും. നിലവിൽ വീടുള്ളവരുടെ തിരിച്ചടവിനെയും ഈ വർധന കാര്യമായി ബാധിക്കും. നിത്യനിദാന ചെലവുകൾക്കുപോലും കഷ്ടപ്പെടുന്ന ബ്രിട്ടനിലെ സാധാരണക്കാർ മോർഗേജിലുണ്ടാകുന്ന വൻ വർധനയിൽ വട്ടംകറങ്ങുമെന്ന് ഉറപ്പാണ്.

40 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ വിലക്കയറ്റത്തിന്റെ നടുവിലാണ് ബ്രിട്ടൺ. ഭക്ഷ്യോൽപന്നങ്ങൾക്കും പെട്രോളിയം ഉൽപന്നങ്ങൾക്കും ഇലക്ട്രിസിറ്റിക്കും മറ്റു സേനവങ്ങൾക്കുമെല്ലാം വില കുതിച്ചുയരുകയാണ്. ഇതിനൊപ്പമാണ് വീടിന്റെ തിരിച്ചടവിനെ നേരിട്ടു ബാധിക്കുന്ന പലിശനിരക്കിലെ ഈ അസാധാരണ വർധനയുംകൂടി എത്തുന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷം ഇത് പതിനൊന്നാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കിൽ വർധന പ്രഖ്യാപിക്കുന്നത്. കോവിഡ് കാലത്ത് 0.01 എന്ന നാമമാത്ര നിലയിലായിരുന്നു ബേസ് റേറ്റ്. ഇതാണ് പതിനൊന്നു വർധനയിലൂടെ ഇപ്പോൾ 4.25 ശതമാനത്തിൽ എത്തി നിൽക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.