1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2024

സ്വന്തം ലേഖകൻ: ടിക് ടോക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ബില്ലിന് അംഗീകാരം നല്‍കി അമേരിക്കന്‍ സെനറ്റ്. ടിക് ടോക്കിന്റെ ചൈനീസ് ഉടമകളായ ബൈറ്റ് ഡാന്‍സിന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒമ്പത് മാസത്തെ കാലാവധി നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം അമേരിക്കയില്‍ ആപ്പ് ബ്ലോക്ക് ചെയ്യുമെന്നും സെനറ്റില്‍ തീരുമാനമായി. നേരത്തെ ടിക് ടോക് നിരോധന ബില്‍ ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിടുന്നതോടെ നിരോധന ബില്‍ പ്രാബല്യത്തില്‍ വരും.

അതേസമയം, ബൈറ്റ് ഡാന്‍സ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ടിക് ടോക് വില്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും തടയുമെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ടിക് ടോക് വില്‍ക്കാന്‍ ബൈറ്റ് ഡാന്‍സിനെ അമേരിക്കയ്ക്ക് നിര്‍ബന്ധിക്കാന്‍ സാധിച്ചാലും ചൈനീസ് അധികാരികളുടെ അനുമതിയും ആവശ്യമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഏതൊരു നീക്കവും തടയുമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടിക് ടോക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയയ്ക്ക് കാലതാമസമെടുക്കുമെന്നാണ് വിദഗ്ദാഭിപ്രായം.

യുക്രെയ്ന്‍, ഇസ്രയേല്‍, തായ്‌വാന്‍ ഇന്തോ പസഫിക് മേഖലയിലെ മറ്റ് അമേരിക്കന്‍ പങ്കാളികള്‍ എന്നിവര്‍ക്കുള്ള സൈനിക സഹായമടക്കമുള്ള നാല് ബില്ലുകളുടെ പാക്കേജിലാണ് ടിക് ടോക് നിരോധന ബില്ലും ഉള്‍പ്പെടുത്തിയത്. 79 സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചും 18 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ ആപ്പ് നിയന്ത്രിക്കാന്‍ കുറച്ച് വര്‍ഷങ്ങളായി ചൈനയിൽ സമ്മർദം ചെലുത്തകയാണെന്ന് ഇന്റലിജന്‍സ് കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍ നേതാവ് മാര്‍കോ റുബിയോ പറഞ്ഞു. പുതിയ നിയമം ആപ്പ് വില്‍ക്കാന്‍ ചൈനീസ് ഉടമയോട് ആവശ്യപ്പെടുകയാണെന്നും അമേരിക്കയെ സംബന്ധിച്ച് ഇത് നല്ലൊരു നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വിവരങ്ങള്‍ ചൈനയുടെ കൈകളിലെത്തുമെന്ന ഭയമാണ് ബീജിങ് ആസ്ഥാനമായ കമ്പനിയില്‍ നിന്നും ആപ്പ് മാറ്റാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ബൈറ്റ് ഡാന്‍സ് ചൈനയുടെയോ മറ്റേതെങ്കിലും കമ്പനിയുടെയോ ഏജന്റല്ലെന്ന് ടിക് ടോക് വ്യക്തമാക്കിയിട്ടുണ്ട്. 60 ശതമാനം ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ സ്ഥാപനങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് തങ്ങള്‍ ചൈനീസ് കമ്പനിയല്ലെന്ന് ബൈറ്റ് ഡാന്‍സും പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.