
സ്വന്തം ലേഖകൻ: ഡയാനാ രാജകുമാരിയുടെ ജീവിതം മാറ്റിമറിച്ച 1995 ലെ ടെലിവിഷന്‍ അഭിമുഖത്തിന്റെ പേരില്‍ ബിബിസിയ്ക്കും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കും എതിരേ രൂക്ഷ വിമര്‍ശനവുമായി 25 വര്‍ഷത്തിന് ശേഷം മക്കളായ വില്യം, ഹാരി രാജകുമാരന്മാര്‍. രാജകുടുംബത്തില്‍ താന്‍ നേരിടുന്ന ദുരിതത്തിന്റെ വിശദാംശങ്ങള്‍ ഡയാന പുറത്തുവിട്ട ഈ അഭിമുഖം ബിബിസിയുടെ മാധ്യമപ്രവര്‍ത്തകന്‍ ബാഷിര്‍ നടത്തിയത് വ്യാജ രേഖകള്‍ കൈവശം വെച്ചുകൊണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നതോടെയാണ് പ്രതികരണം.
ബാഷിര്‍ കൊണ്ടുവന്ന രേഖകള്‍ ശരിയാണെന്ന് ഉറപ്പാക്കാനോ ഇദ്ദേഹം എവിടെ നിന്നുമാണ് ഇവ സംഘടിപ്പിച്ചതെന്ന് തെളിയിക്കാനോ ബിബിസി നേതൃത്വത്തിന് കഴിഞ്ഞുമില്ല. ബിബിസിയുടെ ഈ പരാജയം തന്റെ മാതാപിതാക്കളെ തകര്‍ച്ചയിലേക്ക് നയിച്ചെന്നും അവരുടെ വിവാഹ ജീവിതം താറുമാറാക്കിയെന്നും വില്യം രാജകുമാരന്‍ പ്രതികരിച്ചു. അഭിമുഖം മാതാപിതാക്കളുടെ ജീവിതം തകര്‍ത്തു. അവസാന നാളുകളില്‍ ഡയാനയുടെ വിഭ്രാന്തിയെ കൂട്ടാനും മരണത്തിലേക്ക് നയിക്കാനും ബിബിസിയുടെ അശ്രദ്ധ കാരണമായെന്ന് 38 കാരനായ വില്യം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
”മാതാപിതാക്കളെയാണ് അഭിമുഖം വേട്ടയാടിയത്. അവരുടെ ബന്ധം മോശമാക്കി. അനേകരുടെ മനസ്സിനെ മുറിപ്പെടുത്തി. ബിബിസിയുടെ പരാജയം അവിശ്വസനീയമായ വിധത്തില്‍ ഡയാനയുടെ ഭയം കൂട്ടി. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ മനോനില തകരാറിലാക്കാനും ഒറ്റപ്പെടലിലേക്ക് നയിക്കാനും ഇടയാക്കി,” വില്യം പറഞ്ഞു.
ഒരു സ്വതന്ത്ര അന്വേഷണത്തിലാണ് അഭിമുഖവുമായി ബന്ധപ്പെട്ട് ബാഷിര്‍ ഉപയോഗിച്ചത് വ്യാജരേഖകളും കെട്ടിച്ചമച്ച കഥകളുമായിരുന്നെന്ന് കണ്ടെത്തിയത്. 1995 ല്‍ അഭിമുഖം പുറത്തു വന്നതിന്റെ പിറ്റേ വര്‍ഷം ഡയാനയും ചാള്‍സ് രാജകുമാരനും തമ്മിലുള്ള ബന്ധം വേര്‍പെടുകയും ചെയ്തു.
അഭിമുഖം നടക്കുമ്പോള്‍ ബിബിസിയുടെ മതവിഭാഗം എഡിറ്ററായിരുന്നു ബാഷിര്‍. കോവിഡ് 19 ബാധയെ തുടര്‍ന്ന് മറ്റ് അസുഖങ്ങളും പിടിപെട്ട് ആരോഗ്യം മോശമായി 58 കാരന്‍ കഴിഞ്ഞയാഴ്ചയാണ് ബിബിസി വിട്ടത്. ബാഷിര്‍ വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന ലോര്‍ഡ് ഡെയ്‌സന്റെ കണ്ടെത്തലിനെ ബിബിസി സ്വാഗതം ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ബിബിസി അംഗീകരിക്കുന്നതായി ചെയര്‍മാന്‍ റിച്ചാര്‍ഡ് ഷാര്‍പ്പ് വ്യക്തമാക്കി. തങ്ങളുടെ പരാജയവും അംഗീകരിച്ചിട്ടുണ്ട്. രാജകുടുംബത്തിന് മാപ്പ് പറഞ്ഞുകൊണ്ട് കത്തുമെഴുതി. ബിബിസിയുടെ കള്ളത്തരം കണ്ടെത്തിയ ഡെയ്‌സണോട് ഡയാനയുടെ മക്കള്‍ നന്ദിയും പറഞ്ഞു.
അതേസമയം അഭിമുഖത്തിലൂടെ ബഷീറിന് കിട്ടിയത് വലിയ സ്‌കൂപ്പായിരുന്നു. ചാള്‍സ് രാജകുമാരന്റെ കാമിലാ പാര്‍ക്കര്‍ ബൗള്‍സുമായുള്ള ബന്ധത്തെക്കുറിച്ചും രാജകൊട്ടാരത്തിലെ ഉള്ളറക്കഥകളും ഈ അഭിമുഖത്തിലാണ് ഡയാന പറഞ്ഞത്. ഞങ്ങള്‍ മൂന്ന് പേരായിരുന്നു വിവാഹത്തില്‍ ഏര്‍പ്പെട്ടത് എന്നായിരുന്നു ഡയാന തന്റെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചത്. ദശലക്ഷക്കണക്കിന് ആള്‍ക്കാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന വിവാഹവും രാജകുടുംബത്തില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളും ഈ അഭിമുഖത്തില്‍ അവര്‍ തുറന്നടിച്ചു.
പ്രശ്‌നം ബിബിസി കാണുന്നതിനേക്കാള്‍ വലുതാണെന്നായിരുന്നു ഹാരിയുടെ പ്രതികരണം. ചൂഷണ സംസ്‌ക്കാരത്തിന്റെ അലയൊലികളും അസാന്മാര്‍ഗിക രീതികളും മാതാവിന്റെ ജീവിതം അടിമുട മാറ്റി മറിച്ചെന്നായിരുന്നു ഹാരി രാജകുമാരന്‍ പ്രതികരിച്ചത്.
രഹസ്യങ്ങള്‍ മൂടി വെയ്ക്കാന്‍ ഡയാന മുന്‍ രാജകുടുംബാംഗത്തിനും മുന്‍ പ്രൈവറ്റ് സെക്രട്ടറിയ്ക്കും പണം നല്‍കിയെന്ന് പറയാന്‍ ബാഷിര്‍ കാട്ടിയ ബാങ്ക വിവരങ്ങള്‍ വ്യാജമായിരുന്നെന്നാണ് ഡയാനയുടെ സഹോദരന്‍ സ്‌പെന്‍സര്‍ ആരോപിച്ചത്. ഡയാനയെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ ചില രേഖകള്‍ കാട്ടി ബാഷിര്‍ തന്നെയും സ്വാധീനിച്ചതായി സ്‌പെന്‍സര്‍ ആരോപിച്ചു. രാജകുടുംബം ഡയാനയ്ക്ക് എതിരേ ഗൂഡാലോചന നടത്തുന്നു എന്ന് വിശ്വസിപ്പിക്കാന്‍ രാജകുടുംബത്തിനെതിരേ ചില കഥകള്‍ സൃഷ്ടിച്ചു ബാഷിര്‍ ഡയാനയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു എന്നും സ്‌പെന്‍സര്‍ ആരോപിക്കുന്നു.
അഭിമുഖത്തിനെതിരേ നടന്ന അന്വേഷണത്തില്‍ ഡയാന 1995 ല്‍ എഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ബിബിസി യ്ക്ക് അഭിമുഖത്തിന് അനുവാദം നല്‍കിയിരുന്നതായും സമ്മര്‍ദ്ദം കൂടാതെയാണ് താന്‍ അഭിമുഖത്തിന് ഇരുന്നതെന്നും അതില്‍ നടത്തിയ വെളിപ്പെടുത്തലില്‍ തനിക്ക് ഖേദമില്ലെന്നുമാണ് കുറിപ്പിലുള്ളത്.
അന്ന് ബിബിസി ഡയറക്ടര്‍ ജനറലായ ജോണ്‍ ബ്രിട്ടും ബാഷിറിനെതിരേ പറഞ്ഞിരുന്നു. ചതിയന്‍ റിപ്പോര്‍ട്ടര്‍ എന്നായിരുന്നു ബ്രിട്ട് ബാഷിറിനെ പരാമര്‍ശിച്ചത്. കെട്ടിച്ചമച്ചതും വലിച്ചുനീട്ടിയതുമായ വ്യാജ കാര്യങ്ങള്‍ കൊണ്ട് സ്‌പെന്‍സറെയും ഡയാനയെയും വീഴ്ത്തി എന്നായിരുന്നു പരാമര്‍ശം. 1996 ലായിരുന്നു ഡയാന ചാള്‍സില്‍ നിന്നും വിവാഹ മോചനം നേടിയത്. 1997 ല്‍ പാരീസില്‍ വെച്ച് ഉണ്ടായ കാറപകടത്തില്‍ മരണമടയുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല