സ്വന്തം ലേഖകന്‍: ഡല്‍ഹി കേരള ഹൗസില്‍ ബീഫ് എന്ന പേരില്‍ പശുവിറച്ചി വിളമ്പിയതായി പ്രചാരണം, പോലീസ് പരിശോധന. കേരളാ ഹൗസിലെ സമൃദ്ധി റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ്, ബീഫ് എന്ന പേരില്‍ വിളമ്പുന്നതു പശുവിറച്ചി ആണെന്നു ആരോപണം ഉന്നയിച്ചത്.
ഇതേത്തുടര്‍ന്ന് വാര്‍ത്ത പരക്കുകയും വൈകുന്നേരത്തോടെ ഡല്‍ഹി പോലീസ് റസ്റ്ററന്റിലെത്തി പരിശോധന നടത്തി. പശുവിറച്ചില്ല, പോത്തിറച്ചിയാണു വിളമ്പുന്നതെന്നു കേരളാ ഹൗസ് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സംഘം മടങ്ങി. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബീഫ് വിളമ്പുന്നത് നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
മലയാളിയായ യുവാവും രണ്ട് കര്‍ണാടക സ്വദേശികളുമാണ് പശുവിറച്ചി സംബന്ധിച്ചു പൊലീസില്‍ പരാതിപ്പെട്ടത്. റസ്റ്ററന്റിലെ വിലവിവര പട്ടികയില്‍ ബീഫ് എന്നതു മലയാളത്തിലും മറ്റുള്ള പദാര്‍ഥങ്ങളുടെ പേര് ഇംഗ്ലീഷിലുമാണ് എഴുതിയിരുന്നത്.
ഇതിന്റെ ചിത്രമെടുക്കാന്‍ ഇവര്‍ ശ്രമിച്ചതു റസ്റ്ററന്റ് ജീവനക്കാര്‍ ചോദ്യം ചെയ്തു. ബീഫ് എന്നാല്‍ പോത്തിറച്ചിയാണെന്നും ഒരിക്കല്‍ പോലും പശുവിറച്ചി വിളമ്പിയിട്ടില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കി. പിന്നാലെയുണ്ടായ വാക്കുതര്‍ക്കം റസ്റ്ററന്റില്‍ നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് സംഘം പൊലീസില്‍ പരാതി നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല