1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2024

സ്വന്തം ലേഖകൻ: സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ജല ടാങ്കർ ഉടമകൾ ഈടാക്കുന്നതായി പരാതി വ്യാപകമാകുന്നു. ജലദൗർലഭ്യം മുതലെടുത്ത് ടാങ്കറുകൾ അമിതവില ഈടാക്കുന്നതായി പരാതി വ്യാപകമായതോടെയാണ് 600–1200 രൂപയായി സംസ്ഥാന സർക്കാർ വില നിയന്ത്രിച്ചത്. എന്നാൽ 3000 രൂപ വരെ നൽകിയാൽ മാത്രമേ ജലം നൽകൂവെന്ന് ടാങ്കർ ഉടമകൾ വ്യക്തമാക്കുന്നതോടെ ഇതു നൽകി ജലം വാങ്ങാൻ പലരും നിർബന്ധിതരാകുന്നു.

സർക്കാർ നിരക്ക് പ്രകാരം 6000 ലീറ്റർ വെള്ളം 5 കിലോമീറ്റർ ചുറ്റളവിൽ വിതരണം ചെയ്യാൻ 600 രൂപയാണു നൽകേണ്ടത്. 5 മുതൽ 10 കിലോമീറ്റർ വരെ 750 രൂപ നൽകണം. 8000 ലീറ്റർ വെള്ളത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ 700 രൂപയാണു നൽകേണ്ടത്. 5 മുതൽ 10 കിലോമീറ്റർ വരെ 850 രൂപ നൽകണം. 1000 ലീറ്റർ 5 കിലോമീറ്ററിനുള്ളിൽ ലഭിക്കാൻ 1000 രൂപയും 5 മുതൽ 10 കിലോമീറ്റർ വരെ 1200 രൂപയുമാണ് നൽകേണ്ടത്.

നഗരത്തിലെ കോൺക്രീറ്റ്‌വൽക്കരണം 80 ശതമാനമായി വർധിച്ചതാണു ജലക്ഷാമത്തിനു കാരണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) പഠന റിപ്പോർട്ട്. 1973ൽ ഇത് 8% മാത്രമായിരുന്നു. തണ്ണീർത്തടങ്ങളുടെ വിസ്തീർണവും കുറഞ്ഞു. 1973ലെ 2324 ഹെക്ടർ, 696 ഹെക്ടറായി ചുരുങ്ങി.

തടാകങ്ങളുടെ 98 ശതമാനവും കയ്യേറിയതായും 90 ശതമാനവും മലിനമാണെന്നും പഠനം കണ്ടെത്തി. അമിതമായ കോൺക്രീറ്റുവൽക്കരണത്തെ തുടർന്ന് ഭൂഗർഭ ജലനിരപ്പിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. ഇതുവരെ 7000 കുഴൽക്കിണറുകൾ വറ്റിവരണ്ടു. വായു മലിനീകരണം വർധിക്കാനും ഇതു കാരണമായിട്ടുണ്ട്.

അപ്രതീക്ഷിതമായെത്തിയ ജലക്ഷാമം നേരിടാൻ ‘ആരും സഞ്ചരിക്കാത്ത’ വഴികളിലൂടെ സഞ്ചരിച്ച് നഗരവാസികൾ. ഒന്നിടവിട്ടുള്ള ദിവസങ്ങളിലായി കുളി പരിമിതപ്പെടുത്തിയും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുന്നതു വർധിപ്പിച്ചുമാണു പലരും ജല ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുന്നത്.

ഹോട്ടലുകൾ ഒറ്റത്തവണമാത്രം ഉപയോഗിക്കാനാകുന്ന ഡിസ്പോസബിൾ ഗ്ലാസുകൾ, പ്ലേറ്റുകൾ, കപ്പുകൾ എന്നിവ ഉപയോഗിക്കാൻ ആരംഭിച്ചു. ജലക്ഷാമം പരിഹരിക്കുന്നതുവരെ വർക്ക് ഫ്രം ഹോം അനുവദിക്കാൻ മലയാളികൾ ഉൾപ്പെടെ ജീവനക്കാർ ഐടി കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതുവരെ ജന്മനാട്ടിൽ തങ്ങാനാണ് ഇവർ ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.