1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2024

സ്വന്തം ലേഖകൻ: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായി തുടരുന്നു. കുടിക്കാനും കുളിക്കാനും പാചകത്തിനും വെള്ളമില്ലാത്ത അവസ്ഥയാണ് മിക്കയിടങ്ങളിലും. നഗരത്തിലെ ഏതാണ്ട് മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതിസന്ധികൾ ഒഴിവാക്കാൻ അടിയന്തര നടപടികൾക്ക് മുതിർന്നിരിക്കുകയാണ് കർണാടക സർക്കാർ.

കാർ കഴുകുന്നതിനും പൂന്തോട്ടങ്ങൾ പരിപാലിക്കുന്നതിനും ഉൾപ്പടെ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതിന് ഇന്ന് മുതല്‍ ബെംഗളുരു നഗരത്തിൽ നിരോധനം. നടപടി ലംഘിച്ചാൽ 5,000 രൂപയാണ് പിഴ. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ആവർത്തിച്ചാൽ ഓരോ പ്രാവശ്യവും 500 രൂപ വീതവും ഈടാക്കും. ബെംഗളുരു വാട്ടർ സപ്ലൈ ആൻഡ് സ്വിവറേജ് ബോർഡിന്റേതാണ് തീരുമാനം.

കുഴൽക്കിണർ ഉപയോഗശൂന്യമായതോടെ ബെംഗളുരു നിവാസികൾ കൂട്ടത്തോടെ ഇപ്പോൾ ടാങ്കർ ലോറികളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ടാങ്കറുകൾ വെള്ളത്തിന് വില കുത്തനെ ഉയർത്തിയതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കുടിവെള്ളത്തിന്റെ ലഭ്യതയും വെള്ളം എത്തിക്കാനുള്ള ദൂരത്തിന്റെയും അടിസ്ഥാനത്തിൽ വാട്ടർ ടാങ്കറുകളുടെ വില നിശ്ചയിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

നഗരത്തില്‍ ടാങ്കര്‍ ലോറിയിലെ വെള്ളത്തിന് 600 മുതൽ 1200 രൂപ വരെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥന വില. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് നഗരത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പ്രാദേശിക എംഎൽഎമാരുടെ കീഴിൽ പ്രത്യേക ടാസ്ക് ഫോഴ്സുകളും തുടങ്ങിയിട്ടുണ്ട്. ഏറ്റവും ഗുരുതരമായി കുടിവെള്ളപ്രശ്നം ബാധിച്ചിട്ടുള്ള 223 താലൂക്കുകളിലായിരിക്കും ഇവ പ്രവർത്തിക്കുക. ബെംഗളൂരു നഗരം മാത്രമല്ല, തുംകുരു, ബെംഗളൂരു സൗത്ത് ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയുള്ളതായി റവന്യൂ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വേനൽക്കാലം എത്തും മുൻപേ ജലക്ഷാമം ഇത്ര രൂക്ഷമാണെങ്കില്‍ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ എങ്ങനെ തള്ളിനീക്കുമെന്ന ആശങ്കയിലാണ് ജനം. സംസ്ഥാന സർക്കാരും പ്രാദേശിക ഭരണകൂടവും കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് എല്ലാവിധ പരിശ്രമങ്ങളും നടത്തിവരികയാണ്. നഗരപരിധിയിലെ കുഴൽക്കിണറുകളും വറ്റിയതോടെ വെള്ളത്തിനുവേണ്ടി പരക്കംപായുകയാണ് ബെംഗളൂരു ജനത. ബെംഗളുരു ടെക്ക് ഹബ്ബിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സുകൾ ഉൾപ്പടെ കുടിവെള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളുരുവിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയുന്ന മേക്കേദാട്ടു റിസർവോയർ പദ്ധതി സ്‌തംഭിപ്പിക്കുകയാണെന്ന് ആരോപിച്ച് ഡികെ ശിവകുമാർ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. പദ്ധതി അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയിട്ടും അനുമതി നൽകിയില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചു. ജലക്ഷാമം പരിഹരിക്കാൻ സർക്കാർ അവശ്യ നടപടികൾ സ്വീകരിക്കുകയാണെന്നും കൂടുതൽ കുഴൽക്കിണറുകൾ കുഴിക്കാൻ എട്ട് കോടി രൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.

അനുദിനം വളരുന്ന നഗരമെന്ന വിശേഷണമുള്ള ഇന്ത്യയുടെ സിലിക്കൺ വാലി അനുഭവിക്കുന്ന ഈ ജലപ്രതിസന്ധി ഉടൻ പരിഹരിക്കപ്പെട്ടില്ലെങ്കിൽ കർണാടക സർക്കാരിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയാകും. കുടിവെള്ള വിതരണം അളക്കുന്നതിനാവശ്യമായ നടപടികളിൽ സിദ്ധരാമയ്യ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.