1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2017

സ്വന്തം ലേഖകന്‍: അമേരിക്കന്‍ എംബസി അടക്കം എല്ലാ എംബസികളും ജറൂസലമിലേക്ക് മാറ്റണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജറുസലമിലേക്കുള്ള എംബസി മാറ്റം പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ അമേരിക്കയുടെ കാലങ്ങളായുള്ള നിലപാടിന് വിരുദ്ധമായ ഈ നീക്കത്തിന് ഫലസ്തീന്‍ ഭാഗത്തുനിന്നും യൂറോപ്യന്‍ യൂനിയനില്‍നിന്നും കടുത്ത എതിര്‍പ്പുണ്ട്. ട്രംപ് ഈ എതിര്‍പ്പുകള്‍ പരിഗണിക്കാതെ നിലപാടു സ്വീകരിക്കുമെന്നാണ് സൂചന. നിലവില്‍ വന്ന കാലം മുതല്‍ ഇസ്രായേല്‍ തങ്ങളുടെ തലസ്ഥാനമെന്ന് അവകാശപ്പെടുന്നത് ജറൂസലമിനെയാണ്. എന്നാല്‍, ലോകരാഷ്ട്രങ്ങള്‍ ഇതുവരെ അത് അംഗീകരിച്ചിട്ടില്ല.

പലസ്തീനിന്റെ ഭാവി തലസ്ഥാനമായാണ് പലസ്തീന്‍ അനുകൂലികള്‍ ജറൂസലമിനെ കാണുന്നത് എന്നതിനാലും പലസ്തീന്‍, ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദു എന്ന നിലയിലും ജറുസലേമിനെ കാണുന്നതിനാല്‍ ഐക്യരാഷ്ട്ര സഭയും സൂക്ഷിച്ചാണ് പ്രശ്‌നത്തില്‍ ഇടപെടുന്നത്. ഈ സാഹചര്യത്തില്‍ ട്രംപ് യുഎസ് എംബസി ജറുസലേമിലേക്കു മാറ്റുന്നത് മേഖലയിലെ സ്ഥിതി വഷളാക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

നേരത്തെ ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിനു തൊട്ടുപിന്നാലെ നെതന്യാഹു കിഴക്കന്‍ ജറുസലേമിലെ പലസ്തീന്‍ മേഖലയില്‍ ജൂത കുടിയേറ്റക്കാര്‍ക്ക് നൂറിലധികം വീടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു.

കിഴക്കന്‍ ജറുസലേമില്‍ ഇസ്രയേല്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് കഴിഞ്ഞ ഡിസംബറില്‍ യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം പസാക്കിയിരുന്നു. അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കാതെ വന്നതോടെയാണ് അന്ന് പ്രമേയം പാസായത്. ഇസ്രയേലിന്റെയും ഡോണള്‍ഡ് ട്രംപിന്റെയും താത്പര്യങ്ങള്‍ക്കു വിരുദ്ധമായായിരുന്നു ഒബാമ ഭരണകൂടത്തിന്റെ അന്നത്തെ നീക്കം.

ജനുവരി 20നു ശേഷം യുഎന്നില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വിത്യസ്തമായിരിക്കുമെന്ന് ട്വീറ്റ് ചെയ്താണ് ട്രംപ് ഇസ്രായേലിനും നെതന്യാഹുവിനുമുള്ള തന്റെ പരസ്യ പിന്തുണ അറിയിച്ചത്. ജറുസലേമിനെ വിഭജിക്കാതെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിലും ആവര്‍ത്തിച്ചിരുന്നു. ജൂത വോട്ടര്‍മാരെ സ്വാധീനിക്കാനായിരുന്നു ഇത്.

1967 ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ജൂത പാര്‍പ്പിടകേന്ദ്രങ്ങള്‍ അനുവദിക്കാനാവില്ലെന്നാണ് പലസ്തീന്റെ നിലപാട്. ഒപ്പം ജറുസലേം ഇസ്രയേല്‍ തലസ്ഥാനം ആകുന്നതോടെ ജറുസലേം കേന്ദ്രമാക്കിയുള്ള പലസ്തീന്‍ രാഷ്ട്രമെന്ന ആശയവും പ്രതിസന്ധിയിലാകും. ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പലസ്തീന്‍ രാഷ്ട്രം പുനര്‍നിര്‍മിക്കേണ്ടത് എന്നതിനാലാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.