1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2018

സ്വന്തം ലേഖകന്‍: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ വ്യാപക അക്രമം; കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. മധ്യപ്രദേശില്‍ ഏഴ് പേരും രാജസ്ഥാനിലെ ആള്‍വാറില്‍ ഒരാളും കൊല്ലപ്പെട്ടു. യുപിയിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. അക്രമത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നൂറിലധികം പേര്‍ക്കാണ് അക്രമങ്ങളില്‍ പരുക്കേറ്റത്. പട്ടികജാതിപട്ടികവര്‍ഗ (പീഡനം തടയല്‍) നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുളള സുപ്രീം കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

പഞ്ചാബില്‍ മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുഗതാഗതം റദ്ദാക്കി. സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏറ്റവും കൂടുതല്‍ ദലിതര്‍ ഉളള പഞ്ചാബില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ വൈകിട്ട് മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചവരെ നിരോധനം ഉണ്ടായിരിക്കും. സൈന്യവും പാരമിലിറ്ററി ഫോഴ്‌സും സംസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ബിഹാറിലും ഒഡീഷയിലും പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു. വിവിധ ദലിത് സംഘടനകള്‍ക്കൊപ്പം സിപിഐഎംഎല്‍ പ്രവര്‍ത്തകരും ബിഹാറില്‍ പ്രതിഷേധത്തിനിറങ്ങി. ഉത്തര്‍പ്രദേശില്‍ ഹൈവേ അടക്കം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. കടകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.

ഗുജറാത്തില്‍ അഹമ്മദാബാദിലും പ്രതിഷേധത്തിനിടെ അക്രമം ഉണ്ടായി. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. രാജസ്ഥാനിലെ ബാര്‍മറില്‍ പ്രതിഷേധക്കാര്‍ കാറുകള്‍ക്കും വീടുകള്‍ക്കും തീയിട്ടു. അതേസമയം, കോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കാനിരിക്കെ എന്തിനാണു ഭാരത് ബന്ദ് നടത്തുന്നതെന്നു കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍ ചോദിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.