1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2021

സ്വന്തം ലേഖകൻ: ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്ത് 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റുവാൻ കഴിഞ്ഞതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഭരണത്തിൽ 100 ദിവസം പൂർത്തിയാക്കിയ ഏപ്രിൽ 27 ബുധനാഴ്ച രാത്രി 8 മണിക്ക് (ടെക്സസ്) യുഎസ് കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ് ബൈഡൻ തന്റെ നേട്ടങ്ങൾ അക്കമിട്ടു വിശദീകരിച്ചത്. ഓരോ ദിവസവും അമേരിക്ക മുന്നോട്ടു കുതിക്കുകയാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

ഒരുമണിക്കൂറും 5 മിനിട്ടും നീണ്ടുനിന്ന പ്രസംഗം ഡമോക്രാറ്റിക് അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസിനും സ്പീക്കർ നാൻസി പെലോസിക്കും നടുക്ക് നിന്നായിരുന്നു ബൈഡൻ്റെ നിർണായക പ്രസംഗം. നൂറു ദിവസത്തിനുള്ളിൽ 100 മില്യൺ അമേരിക്കൻ ജനതയെ വാക്സിനേറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും 220 മില്യൻ പേരെ വാക്സിനേറ്റ് ചെയ്തത് നേട്ടമായി ബൈഡൻ ചൂണ്ടിക്കാട്ടി.

ഈയിടെ പൊലിസിന്റെ ഭാഗത്തു നിന്നും ഉണ്ടായ അക്രമസംഭവങ്ങളെ തുടർന്നു പൊതുജനങ്ങൾക്ക് നിയമപാലകരിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുവാൻ നാം ഒത്തൊരുമിച്ചു ശ്രമിക്കണമെന്ന് ബൈഡൻ അഭ്യർഥിച്ചു. തൊഴിൽ നഷ്ടപ്പെട്ട പതിനായിരങ്ങൾക്ക് തൊഴിൽ നൽകുന്നതിന് 100 ദിവസത്തിനുള്ളിൽ കഴിഞ്ഞുവെന്നും ബൈഡൻ അവകാശപ്പെട്ടു. ഗൺവയലൻസ് മഹാമാരി കണക്കെ പടർന്നു പിടിച്ചിരിക്കുന്ന ഇതിന് പരിഹാരം കണ്ടെത്തുന്നതിനു പാർട്ടി വ്യത്യാസമില്ലാതെ എല്ലാവരും മുന്നോട്ടു വരണമെന്ന് ബൈഡൻ അഭ്യർഥിച്ചു.

400,000 ഡോളറിനു താഴെ വാർഷിക വരുമാനമുള്ളവരുടെ ടാക്സ് വർധിപ്പിക്കുകയില്ലെങ്കിലും സമ്പന്നരുടേയും കോർപറേറ്റുകളുടേയും ടാക്സ് വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു. കഴിഞ്ഞ മുപ്പതുവർഷമായി ഇമ്മിഗ്രേഷൻ നയം പുതുക്കുമെന്നു രാഷ്ട്രീയക്കാർ ആണയിടുന്നുണ്ടെങ്കിലും കൃത്യമായ ഇമ്മിഗ്രേഷൻ നയം നടപ്പാക്കുമെന്നും പ്രസിഡൻ്റ് ഉറപ്പു നൽകി.

വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കാനും ശിശു പരിപാലനച്ചെലവ് കുറയ്ക്കാനും തൊഴില്‍ സേനയിലെ സ്ത്രീകളെ സഹായിക്കാനും ശ്രമിക്കുന്ന 1.8 ട്രില്യണ്‍ ഡോളര്‍ ചെലവ് വർധനവിന്റെയും നികുതി വെട്ടിക്കുറവിന്റെയും പുതിയ ബജറ്റ് പ്ലാനിങ് ബൈഡന്‍ ഭരണകൂടം ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ കുടുംബ പദ്ധതി, പ്രസിഡന്റ് ബൈഡന്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച 2.3 ട്രില്യണ്‍ ഡോളര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാക്കേജിൻ്റെ തുടർച്ചയാണ്.

പ്രീകിന്‍ഡര്‍ഗാര്‍ട്ടന്‍, ഫെഡറല്‍ പെയ്ഡ് ലീവ് പ്രോഗ്രാം, ശിശു പരിപാലനം, എല്ലാവര്‍ക്കും സൗജന്യ കമ്മ്യൂണിറ്റി കോളജ്, ചരിത്രപരമായി നോണ്‍വൈറ്റ് കമ്മ്യൂണിറ്റികള്‍ക്ക് സേവനം നല്‍കുന്ന കോളജുകളിലെ വിദ്യാർഥികള്‍ക്കു സഹായം, പരിപാലന നിയമപ്രകാരം വിപുലീകരിച്ച സബ്‌സിഡികള്‍ എന്നിവ ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനുള്ള പുതിയ ഫെഡറല്‍ ശ്രമങ്ങളുടെ ഭാഗമായി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.