
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയിൽനിന്നോ അതോ മൃഗങ്ങളിൽനിന്നോ? ഇക്കാര്യത്തിൽ 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദേശം നൽകി.
ലോകമെങ്ങും 34 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ വൈറസിന്റെ ഉദ്ഭവം എവിടെനിന്നെന്ന വിഷയത്തിൽ അന്വേഷണ ഏജൻസികൾ രണ്ടു തട്ടിലാണ്. ചൈനയിലെ വുഹാനിലുള്ള വെറ്റ് മാർക്കറ്റിൽ വിൽപ്പനയ്ക്കുവച്ച മൃഗങ്ങളിൽനിന്നാണോ അതോ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയിൽനിന്നാണോ എന്നതിലാണ് ഇപ്പോഴും വ്യക്തത വരാത്തത്.
അന്തിമ റിപ്പോർട്ട് എന്തു തന്നെയായാലും ചൈനയ്ക്കും യുഎസിനും അതു നിർണായകമാണ്. തങ്ങളല്ല മഹാമാരിക്കു പിന്നിലെന്ന നിലപാടാണ് ചൈനയുടേത്. എന്നാൽ ലാബിൽനിന്നു പുറത്തുവന്ന വൈറസാണിതെന്ന നിഗമനമാണ് യുഎസിലെ റിപ്പബ്ലിക്കൻ പക്ഷത്തുള്ളവർ പുലർത്തുന്നത്. അന്വേഷണത്തിൻ്റെ മുന്നോട്ട് പോക്കിനു ചൈനയുടെ സമ്പൂര്‍ണ പിന്തുണ ഉറപ്പാക്കാന്‍, ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരായ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് യുഎസ്.
ചൈനയില്‍ ലോകാരോഗ്യ സംഘടന നടത്തുന്ന അന്വേഷണത്തെ വൈറ്റ് ഹൗസ് പിന്തുണയ്ക്കുന്നുവെന്ന് പ്രസ് സെക്രട്ടറി ജെന്‍സാകി കഴിഞ്ഞ ദിവസം പറഞ്ഞു. അന്താരാഷ്ട്ര അന്വേഷണങ്ങളുമായി ചൈന സഹകരിക്കാത്തപക്ഷം മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ചുള്ള സംശയം എക്കാലവും നിലനില്‍ക്കുന്നമെന്നാണ് അമേരിക്കയുടെ നിലപാട്.
അതിനിടെ റിപ്പബ്ലിക്കന്‍മാരില്‍ നിന്നും ആഴ്ചകളോളം കടുത്ത ആക്രമണങ്ങള്‍ നേരിട്ടതിന് ശേഷം യുഎസിലെ മുന്‍നിര പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗചിയെ ഇപ്പോള്‍ ചൈനീസ് മാധ്യമങ്ങൾ നോട്ടമിടുന്നതായി റിപ്പോർട്ട്. വാക്‌സിനേഷന്റെ ശക്തമായ വക്താവ് എന്ന നിലയ്ക്ക് മാത്രമല്ല, സമൂഹത്തില്‍ പകര്‍ച്ചവ്യാധിയെ പിടിച്ചു നിര്‍ത്താന്‍ മുന്നില്‍ നില്‍ക്കുന്ന ഫെഡറല്‍ ആരോഗ്യ മേഖലയിലെ മുന്നണി പോരാളിയെന്ന നിലയ്ക്കാണ് ഡോ. ഫൗചിയെ ചൈനീസ് മാധ്യമങ്ങള്‍ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച എപ്പിഡെമിക്ക് വിദഗ്ധരില്‍ ഒരാളാണ് ഡോ. ഫൗചി. അദ്ദേഹത്തിനെതിരെ സംഘടിതമായ ഉണ്ടാകുന്ന ആക്രമങ്ങള്‍ യുഎസ് ഫെഡറല്‍ സംവിധാനത്തിനെതിരേയുള്ള ഒളിയമ്പ് എന്ന നിലയിലും രാജ്യം കാണുന്നുണ്ട്. ആ നിലയ്ക്ക് ചൈനിസ് സ്റ്റേറ്റ് മീഡിയയുടെ ആക്രമണത്തെ ചെറുക്കുന്നതിന് എന്തു നിലപാട് സ്വീകരിക്കണമെന്നതിനെ സംബന്ധിച്ച് വൈറ്റ്ഹൗസ് വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല