1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2021

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റായി ഇന്നലെ നട്ടുച്ചയ്ക്ക് അധികാരേമേറ്റെടുത്ത ജോ ബൈഡൻ ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളിൽ ഒപ്പിട്ടു. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്. വിസ നിയമങ്ങളിലും അഭയാർത്ഥി പ്രശ്നത്തിലും കൂടുതൽ ഉദാരമായ നടപടികൾ ഉടൻ ഉണ്ടാകും.

മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം മരവിപ്പിക്കാനും കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും കുടിയേറ്റ വിലക്ക് നീക്കാനുമുള്ള ഉത്തരവുകൾ ജോ ബൈഡന്‍ ആദ്യ ദിനം ഒപ്പിട്ടവയിലുണ്ട്​. ട്രംപിന്റെ വിവാദ ഉത്തരവുകൾ തിരുത്തി പുതിയവ ഇറക്കുന്നതിലാണ് പുതിയ പ്രസിഡന്റ് ബൈഡൻ വ്യാപൃതനാകുകയെന്ന് അദ്ദേഹത്തിന്റെ സ്റ്റാഫ് മേധാവി നേരത്തേ തന്നെ അറിയിച്ചിരുന്നു.

കൊവിഡ് മഹാമാരി നിയന്ത്രണവിധേയമാക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ അടിയന്തര നടപടികളാണ് ബൈഡൻ സ്വീകരിച്ചത്. പൊതുസ്ഥാപനങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്നതും വാക്സീൻ വിതരണ ഏകോപനച്ചുമതലയുൾപ്പെടെ കോവിഡിനെതിരെ കർമസേന രൂപീകരിക്കുന്നതുമാണു മുൻഗണനയിലുള്ളത്.

കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ കുടിയൊഴിക്കൽ തടഞ്ഞും വിദ്യാഭ്യാസ ലോൺ തിരിച്ചടവു കാലാവധി നീട്ടിയും നടപടി സ്വീകരിച്ചു. പാരിസ് കാലാവസ്ഥാ ഉടമ്പടിയിലേക്കു തിരികെ പ്രവേശിക്കുന്നതും ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും സഹായവും പുനഃസ്ഥാപിക്കന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളിലും ഒപ്പിട്ടു. ലോകാരോഗ്യ സംഘടനയിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തിന്റെ അധ്യക്ഷൻ ഡോ. ആന്തണി ഫൗച്ചിയായിരിക്കും.

മുസ്‌ലിം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റവിലക്ക് നീക്കൽ‌, യുഎസ്– മെക്സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം തടഞ്ഞുള്ള മതിൽനിർമാണത്തിന്റെ ഫണ്ട് മരവിപ്പിക്കൽ, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതെന്നു വിലയിരുത്തപ്പെടുന്ന കീസ്റ്റോൺ എക്സ്എൽ പൈപ്പ്‌ലൈൻ പദ്ധതി റദ്ദാക്കൽ എന്നിവയാണ് മറ്റ് ഉത്തരവുകൾ.

വംശീയാടിസ്ഥാനത്തിൽ സമത്വം ഉറപ്പാക്കുക, തൊഴിലിടത്ത് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുക, കോൺഗ്രസിലെ പ്രതിനിധി എണ്ണം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെൻസസിൽ പൗരത്വമില്ലാത്തവരെയും ഉൾപ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട നടപടികളും ബൈഡന്റെ ഒന്നാം ദിനത്തിന്റെ ഭാഗമായി.

ബൈ‍ഡൻ കോൺ​ഗ്രസിലേക്ക് അയക്കുന്ന സമ​ഗ്രമായ ഇമ്മി​ഗ്രേഷൻ ബില്ലിൽ തൊഴിൽ അടിസ്ഥാനമാക്കിയുള്ള ​ഗ്രീൻ കാർഡുകൾക്ക് ഓരോ രാജ്യത്തിന്റെയും പരിധി ഒഴിവാക്കാൻ നിർദേശിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇത് ആയിരക്കണക്കിന് ഇന്ത്യക്കാർക്കും ഐ.ടി പ്രൊഫണൽസിനും ​ഗുണകരമാകുന്ന ബൈഡന്റെ ആദ്യത്തെ തീരുമാനമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.