1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2021

സ്വന്തം ലേഖകൻ: 100 ദിന കര്‍മ്മ പരിപാടിയെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡെന്‍ വ്യാഴാഴ്ച (പ്രാദേശിക സമയം) രാജ്യത്തോട് സംസാരിക്കും. കൊവിഡ് പോരാട്ടത്തിനായി ഫെഡറല്‍ ഗവണ്‍മെന്റിന്റെ വിശാലമായ അധികാരങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഒരു രൂപരേഖ അദ്ദേഹം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

കൂടാതെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി എക്‌സിക്യൂട്ടീവ് അതോറിറ്റിയുടെ ഉപയോഗം വർധിപ്പിക്കുക, വംശീയ തുല്യത, കൊവിഡ് ടെസ്റ്റ് കിറ്റുകള്‍, വാക്‌സീനുകള്‍, സപ്ലൈസ് എന്നിവയുടെ നിര്‍മ്മാണം വർധിപ്പിക്കുക തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ പുതിയ സർക്കാരിന്റെ നയപ്രഖ്യാപനവും ഉണ്ടാകും.

ഡമോക്രാറ്റുകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഏകോപിത ഫെഡറല്‍ റെസ്‌പോണ്‍സ് രൂപരേഖ തയ്യാറാക്കുന്ന തിരക്കിലാണ് ബൈഡൻ ടീം. പ്രസിഡന്റ് ബൈഡനാകട്ടെ തന്റെ ആദ്യത്തെ മുഴുവന്‍ ദിവസവും വൈറ്റ് ഹൗസില്‍ ചെലവഴിച്ചു. കൊവിഡ് 19 മായി ബന്ധപ്പെട്ട ഒരു ഡസന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലോ നടപടികളിലോ ഒപ്പിടാന്‍ തന്റെ അധികാരം ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ ദിവസം തന്നെ വലിയ മാറ്റങ്ങള്‍ ആണ് ബൈഡന്‍ കൊണ്ടുവരുന്നത്. ട്രംപിന്റെ പാരിസ്ഥിതിക അജണ്ട തിരുത്തിയെഴുതിയ അദ്ദേഹം കുടിയേറ്റ വിരുദ്ധ നയങ്ങൾ പിൻവലിച്ചു. മന്ദഗതിയിലുള്ള സാമ്പത്തിക ശക്തി ഉയർത്തുന്നതിനും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ബൈഡൻ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി.

ജനാധിപത്യത്തിന്റെ ദിനമെന്നാണ് തന്റെ സത്യപ്രതിജ്ഞ ദിനത്തെ ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തെളിയിച്ചു. വെല്ലുവിളികളെ നേരിടാന്‍ താൻ തയ്യാറാണെന്നും വര്‍ണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്ക്കുമെതിരെ നില കൊള്ളുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. ഐക്യത്തിനുള്ള ആഹ്വാനമാണ് പ്രസംഗത്തിലുടനീളം ബൈഡൻ നൽകിയത്. താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.

കുടിയേറ്റ വ്യവസ്ഥകൾ സമൂലം പുതുക്കിയുള്ള ഇമിഗ്രേഷൻ ബിൽ കോൺഗ്രസിനു വിട്ടതാണ് ബൈഡന്റെ മറ്റൊരു പ്രധാന നീക്കം. കുടിയേറ്റ വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കാനുള്ള ‘യുഎസ് സിറ്റിസൻഷിപ് ആക്ട് 2021’ ആണു കോൺഗ്രസിലേക്ക് അയച്ചിരിക്കുന്നത്. യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനു വേണ്ടി കാത്തിരിപ്പുകാലം കുറയ്ക്കാൻ നിർദേശങ്ങൾ ബില്ലിലുണ്ട്.

ഗ്രീൻ കാർഡ് എണ്ണത്തിൽ ഓരോ രാജ്യത്തിനും പരിധി നിശ്ചയിച്ചിട്ടുള്ളത് എടുത്തു കളയും. ഐടി വിദഗ്ധരായ ആയിരക്കണക്കിന് ഇന്ത്യക്കാർ സ്ഥിരതാമസ അനുമതിക്കായി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരുന്ന നിലവിലെ അവസ്ഥയ്ക്കു പരിഹാരമായേക്കാം. എച്ച്‌–1 ബി വീസക്കാരുടെ കുടുംബാംഗങ്ങൾക്കു തൊഴിലനുമതിയും ബില്ലിലെ നിർദേശമാണ്.

രേഖകളില്ലാത്ത കുടിയേറ്റക്കാ‍ർക്കു പൗരത്വം അനുവദിക്കാനായി ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്തു തുടക്കമിട്ടതും പിന്നീടു ട്രംപ് റദ്ദാക്കിയതുമായ ‘ഡാക’ പദ്ധതി പുനരവതരിപ്പിക്കും. ഒബാമ ഈ പദ്ധതി ആവിഷ്കരിക്കുമ്പോൾ ബൈഡൻ വൈസ് പ്രസിഡന്റായിരുന്നു. ട്രംപിന്റെ കുടിയേറ്റവിരുദ്ധ ഉത്തരവുകളിൽ പലതും റദ്ദാക്കുകയും പുതിയ നടപടികൾക്കു തുടക്കമിടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.