1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2021

സ്വന്തം ലേഖകൻ: യുഎസിൽ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ; വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം.

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായി നടക്കുകയാണ് പതിവ്. ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണു തലസ്ഥാനം.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ഡോണൾഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്‌ഹൗസ് വിടുമെന്നാണു സൂചന. സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുൻ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുകയാണ് പതിവ്.

ഭരണത്തുടർച്ച ലഭിക്കാത്തതിൽ ക്ഷുഭിതനും നിരാശനുമായ ട്രംപ് ഈ ഔപചാരികതകൾക്കൊന്നും നിൽക്കാതെ ഫ്ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്കു പോകുമെന്നാണു വിവരം. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ എന്നിവർ കുടുംബസമേതം ചടങ്ങിനെത്തും.

പുതിയ ഭരണകൂടത്തിന്​ ആശംസകൾ നേർന്ന്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​. വിടവാങ്ങൽ പ്രസംഗത്തിലായിരുന്നു ​നിയുക്ത പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ പേരെടുത്ത്​ പറയാതെ ട്രംപിന്‍റെ അഭിനന്ദനം. സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന്​ അറിയിച്ച ട്രംപ്​ വിടവാങ്ങൽ പ്രസംഗ വിഡിയോ പുറത്തുവിടുകയായിരുന്നു.

“ഈ ആഴ്ച പുതിയ ഭരണകൂടം അധികാരമേൽക്കും. അമേരിക്കയെ സുരക്ഷിതവും സമൃദ്ധവുമായി നിലനിർത്തുന്നതിൽ വിജയം കൈവരിക്കാൻ ഭരണകൂടത്തിന്​ സാധിക്ക​ട്ടെയെന്ന്​ പ്രാർഥിക്കുന്നു,” ട്രംപ്​ പറഞ്ഞു.

ദശാബ്​ദങ്ങൾക്ക്​ ശേഷം പുതിയ യുദ്ധങ്ങൾ സൃഷ്​ടിക്കാത്ത അമേരിക്കൻ പ്രസിഡന്‍റായതിൽ അഭിമാനമുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസം നഷ്​ടപ്പെടുന്നതും ദേശീയ മഹത്വത്തിലുള്ള വിശ്വാസം നഷ്​ടപ്പെടുന്നതുമാണ്​ ഏറ്റവും വലിയ അപകടം. ഞങ്ങൾ ഇവിടെ വന്നത്​ എന്തി​നുവേണ്ടിയാണോ, അതിനേക്കാളേറെ ഇവിടെ ചെയ്​തു -ട്രംപ്​ പറഞ്ഞു.

തന്‍റെ ഭരണകാലത്ത്​ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതായി അവകാശപ്പെട്ട ട്രംപ്​, നികുതി കുറക്കൽ, ചൈനീസ്​ ഇടപാടുകളിലെ തീരുവ കുറക്കൽ, ഊർജ്ജ സ്വയംപര്യാപ്​തത, കൊവിഡ്​ വാക്​സിൻ വികസനം തുടങ്ങിയവ ഉയർത്തിക്കാട്ടി.

ട്രംപിന്‍റെ പ്രസിഡന്‍റ്​ കാലാവധി ഇന്ന്​ അവസാനിക്കും. ബൈഡന്‍റെ വിജയം അംഗീകരിക്കാത്തതും പാർലമെന്‍റ്​ മന്ദിരമായ കാപിറ്റൽ ട്രംപ്​ അനുകൂലികളുടെ അക്രമത്തിനുമെല്ലാം അമേരിക്ക കുറഞ്ഞ ദിവങ്ങൾക്കുള്ളിൽ സാക്ഷ്യം വഹിച്ചിരുന്നു. കാപിറ്റൽ ആക്രമണത്തെ തുടർന്ന്​ ട്രംപിനെ അമേരിക്കൻ സെനറ്റ്​ ഇംപീച്ച്​ ചെയ്​തിരിക്കുകയാണ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.