1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2021

സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച അമ്മയുടെ ഓര്‍മകള്‍ ഉണര്‍ത്തിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ബ്രിട്ടനില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബൈഡന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഭാര്യ ജില്‍ ബൈഡനോടൊപ്പം രാജ്ഞിയെ സന്ദര്‍ശിക്കാനെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനെ കുറിച്ചും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കുറിച്ചും എലിസബത്ത് രാജ്ഞി അന്വേഷിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ബൈഡന്‍ പ്രതികരിച്ചു.

കോണ്‍വാളില്‍ നിന്ന് ഹെലികോപ്ടറിലാണ് ബൈഡന്‍ വിന്‍സര്‍ കൊട്ടാരത്തിലെത്തിയത്. ദി ക്വീന്‍സ് കമ്പനി ഫസ്റ്റ് ബറ്റാലിയന്‍ ഗ്രനേഡിയര്‍ ഗാര്‍ഡ്‌സ്, ഗാര്‍ഡ് ഓഫ് ഓണര് നല്‍കി അമേരിക്കന്‍ പ്രസിഡന്റിന് സ്വാഗതമരുളി. ഒരു മണിക്കൂറോളം രാജ്ഞിക്കൊപ്പം ചെലവഴിച്ച ശേഷമാണ് ബൈഡന്‍ മടങ്ങിയത്.

“രാജ്ഞിയുടെ രൂപവും സൗമ്യഭാവവും മഹാമനസ്‌കതയും അമ്മയുടേത് പോലെ തോന്നിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കുറിച്ചും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനെ കുറിച്ചും രാജ്ഞി തിരക്കി,“ ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനായി എലിസബത്ത് രാജ്ഞിയെ ക്ഷണിച്ചതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുന്ന 13-മത്തെ യുഎസ് പ്രസിഡന്റാണ് ബൈഡന്‍. 1982 ലാണ് ബൈഡന്‍ ആദ്യമായി രാജ്ഞിയെ കാണാനെത്തിയത്. അന്ന് സെനറ്ററായിരുന്ന ബൈഡന്‍ അമേരിക്കന്‍ പാര്‍ലമെന്ററി സംഘത്തിനൊപ്പമാണ് രാജ്ഞിയെ കാണാനെത്തിയത്.

ബൈഡന്റെ അമ്മയായ കാതറിന്‍ യൂജിന്‍ ഫിന്നഗന്‍ ബൈഡന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. ബൈഡന്റെ വ്യക്തിപരമായ ജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും ജീന്‍ എന്ന വിളിപ്പേരുണ്ടായിരുന്ന കാതറിന്റെ കാഴ്ചപ്പാടുകള്‍ക്ക് ഏറെ സ്വാധീനിച്ചിട്ടുണ്ട്. തന്റെ പ്രസംഗങ്ങളില്‍ പലപ്പോഴും ബൈഡന്‍ അമ്മയുടെ വാക്കുകള്‍ എടുത്തു പറയാറുണ്ട്. 2010 ല്‍ അന്തരിച്ചെങ്കിലും കാതറിന് ഇപ്പോഴും ബൈഡനില്‍ ഏറെ സ്വാധീനമുണ്ടെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.