1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2021

സ്വന്തം ലേഖകൻ: റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ യുഎസ് സംസ്ഥാനങ്ങൾ പൂര്‍ണ്ണമായും തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ നീക്കുന്നതിലും പ്രസിഡന്റ് ജോ ബൈഡന് അതൃപ്തി. ടെക്‌സസ് ഗവര്‍ണര്‍ അബോട്ട് കൊവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ മിസിസിപ്പിയും നിയന്ത്രണങ്ങള്‍ നീക്കി.എന്നാൽ മാസ്‌ക്ക് മാന്‍ഡേറ്റുകള്‍ മാറ്റി എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും തുറക്കുന്നത് ജനങ്ങളെ കുരുതി കൊടുക്കാനുള്ള നീക്കമാണെന്ന് നിരവധി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ടെക്സസിൽ വക്‌സീനേഷന്‍ പോലും പത്തു ശതമാനം പേര്‍ക്ക് മാത്രമേ വിതരണം ചെയ്തിട്ടുള്ളു. കൊവിഡ് വകഭേദം വ്യാപിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ കൂട്ടത്തോടെ ഫെഡറല്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ അട്ടിമറിക്കുന്നത് ശരിയല്ലെന്നാണ് ബൈഡന്‍ പക്ഷം ഉയർത്തുന്ന വാദം. പ്രതിരോധ ഉല്‍പാദന നിയമപ്രകാരം യുദ്ധകാലാടിസ്ഥാനത്തില്‍ വാക്‌സീനേഷന്‍ നടത്തുമെന്നു ബൈഡന്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

മേയ് അവസാനത്തോടെ എല്ലാ മുതിര്‍ന്നവര്‍ക്കും മതിയായ ഡോസുകള്‍ ലഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ടെക്‌സാസിലെയും മിസിസിപ്പിയിലെയും ഗവര്‍ണര്‍മാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്നും സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തില്‍ തുറക്കരുതെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ മുന്നറിയിപ്പുകളെ ധിക്കരിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ ഡാലസ് കൗണ്ടിയിൽ മരിച്ചവരുടെ സംഖ്യ 3,000 കവിഞ്ഞതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. തൊട്ടടുത്ത കൗണ്ടിയായ ടറൻ്റിൽ ആകെ മരണം 2897 ആയി. ടെക്സസ് ഗവർണറുടെ പുതിയ ഉത്തരവ് മാർച്ച് 10 മുതൽ നിലവിൽ വരുന്നതിനെതിരെ ശക്തമായ എതിർപ്പാണ് ഡാലസ് കൗണ്ടിയിലെ പ്രധാന ആശുപത്രികളിലെ ഡോക്ടർമാർ പ്രകടിപ്പിച്ചത്. മാസ്ക്ക് മാറ്റേണ്ട സമയമായിട്ടില്ലെന്നും അങ്ങനെ സംഭവിച്ചാൽ മറ്റൊരു വ്യാപനം കൂടി ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.