1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2021

സ്വന്തം ലേഖകൻ: യുഎസ് – യുകെ സൗഹൃദം ഉറപ്പിച്ച് യുഎസ് പ്രസിഡൻ്റ് ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും. കോൺ‌വാൾ റിസോർട്ടിൽ ഈ ആഴ്ച നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ചർച്ച ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയായി. കാർബിസ് ബേയിൽ വ്യാഴാഴ്ച ഇരു നേതാക്കളും ഭാര്യമാരോടൊപ്പം സമയം ചെലവിടുകയും ചെയ്തു.

അറ്റ്‌ലാന്റിക് ചാര്‍ട്ടര്‍ പുതുക്കാനുള്ള തീരുമാനമാണ് ചർച്ചയിലെ പ്രധാന സംഭവം. 1941-ല്‍ രണ്ടാം ലോക മഹായുദ്ധസമയത്ത് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്‌വെല്‍ട്ടും സ്ഥാപിച്ച യുദ്ധാനന്തര സഹകരണത്തിന്റെ പ്രഖ്യാപനമാണ് അത്‌ലാന്റിക്ക് ചാര്‍ട്ടര്‍. 80 വര്‍ഷം പഴക്കമുള്ള ചാര്‍ട്ടറിനെ പ്രതിധ്വനിപ്പിക്കുന്നതാണ് ബൈഡനും ജോൺസണും ഒപ്പിട്ട പുതിയ ചാർട്ടർ.

ഇതിലൂടെ യഥാർഥ പ്രഖ്യാപനത്തിന് അടിവരയിടുന്നതാണ് പുതുക്കിയ ചാര്‍ട്ടറെന്ന് പരക്കെ കരുതപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം, കോവിഡ് മഹാമാരി, സാങ്കേതിക യുദ്ധം, സാമ്പത്തിക മത്സരം എന്നിവയും ചർച്ചയിൽ കടന്നുവന്നതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥാ വ്യതിയാനവും സൈബർ ആക്രമണങ്ങളും ഉൾപ്പെടെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് പൊതുവായ തത്ത്വങ്ങൾ രൂപപ്പെടുത്താൻ ശ്രമിക്കുന്നതിനാണ് മുൻഗണനയെന്ന് ഇരുനേതാക്കളും മാധ്യമപ്രവർത്തകരോട് പ റഞ്ഞു.

കോവിഡ് മഹാമാരിയുറ്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രകൾ സാധാരണ നിലയിലാക്കുന്നതിനുള്ള ശുപാർശകൾ നൽകുന്നതിന് അമേരിക്കയും ബ്രിട്ടനും സംയുക്തമായി ഒരു വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുമെന്ന് ബൈഡനും ജോൺസണും പ്രഖ്യാപിച്ചു.

പ്രസിഡന്റായി തന്റെ ആദ്യ വിദേശ സന്ദർശന വേളയിൽ ബൈഡൻ 500 ദശലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിൻ മറ്റ് രാജ്യങ്ങൾക്ക് സംഭാവന ചെയ്യാനുള്ള യുഎസ് തീരുമാനത്തെ “അമേരിക്കൻ ജനതയുടെ ഒരു മഹത്തായ പ്രതിബദ്ധത” എന്നാണ് വിശേഷിപ്പിച്ചത്. മറ്റ് ജി -7 രാജ്യങ്ങളും വാക്സിൻ പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബൈഡനെ അനുഗമിച്ച യുഎസ് പ്രഥമ വനിത ജിൽ ബിഡൻ “ലവ്” എന്ന വാക്ക് പുറകിൽ പതിച്ച ജാക്കറ്റ് ധരിച്ചെത്തിയതും കൗതുകമായി. ജോൺസണും ഭാര്യ കാരിയും ചേർന്നാണ് ബൈഡൻ ദമ്പതികളെ സ്വീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.