1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2021

സ്വന്തം ലേഖകൻ: മെക്‌സിക്കോയുടെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്യുന്നയാളുകളുടെ എണ്ണം കൂടിയതിന് പിന്നാലെ മുന്‍നിലപാടുകള്‍ തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നിരവധിപേര്‍ അഭയാര്‍ത്ഥികളായി അമേരിക്കയില്‍ എത്തുന്നതില്‍ രാജ്യത്തിനകത്തു നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ധൃതിപ്പെട്ട് അമേരിക്കയിലേക്ക് വരേണ്ടതില്ലെന്ന് ബൈഡന്‍ പറഞ്ഞത്.

“ഞാന്‍ കൃത്യമായി പറയുകയാണ് നിങ്ങള്‍ ചാടിക്കയറി ഇങ്ങോട്ടേക്ക് വരേണ്ടതില്ല. നിങ്ങളുടെ നഗരത്തെയും സമൂഹത്തെയും ഉപേക്ഷിക്കരുത്,” ബൈഡന്‍ പറഞ്ഞു. എ.ബി.സി ന്യൂസുമായുള്ള അഭിമുഖത്തിലാണ് ബൈഡന്‍ അഭയാര്‍ത്ഥികള്‍ കൂട്ടമായി അമേരിക്കയിലെത്തുന്നതില്‍ എതിര്‍പ്പ് പരസ്യമായി രേഖപ്പെടുത്തിയത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയം ബൈഡന്‍ തിരുത്തിയതാണ് വീണ്ടും അമേരിക്കയിലേക്ക് നിരവധി പേര്‍ അഭയാര്‍ത്ഥികളായെത്താന്‍ കാരണമായത് എന്ന വിമര്‍ശനത്തോടും ബൈഡന്‍ പ്രതികരിച്ചു. ഇതിനു മുന്‍പും ഇത്തരത്തില്‍ അഭയാര്‍ത്ഥികള്‍ കൂട്ടമായി അമേരിക്കയില്‍ എത്തിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു ഇത്തരം വിമര്‍ശനങ്ങളോട് ബൈഡന്‍ നടത്തിയ പ്രതികരണം.
2019ലും 2020ലും ഇത്തരത്തില്‍ കൂട്ടമായി ആളുകള്‍ അമേരിക്കയില്‍ എത്തിയിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

“ജോ ബൈഡന്‍ വരാന്‍ പറഞ്ഞതുകൊണ്ടാണ് ഈ ആളുകളെല്ലാം ഇങ്ങോട്ടേക്ക് വരുന്നത് എന്നാണ് പറയുന്നത്. ഞാന്‍ കേട്ട മറ്റൊരു കാര്യം ബൈഡന്‍ നല്ല മനുഷ്യനാണ് അതുകൊണ്ടാണ് അവര്‍ വരുന്നത് എന്നാണ്. തുറന്നുപറയട്ടെ, അതുകൊണ്ടല്ല ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ അമേരിക്കയിലെത്തുന്നത്,” ബൈഡന്‍ പറഞ്ഞു.

ജനുവരി 20ന് അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ ബൈഡന്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വലിയ മാറ്റം വരുത്തിയിരുന്നു. മെക്‌സിക്കോ അതിര്‍ത്തിയില്‍ കൂറ്റന്‍ മതിലുകള്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും അദ്ദേഹം നിര്‍ത്തിവെച്ചിരുന്നു. അമേരിക്കയില്‍ അഭയാര്‍ത്ഥികളായെത്തിയ 11 മില്ല്യണ്‍ ആളുകള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമ ഭേദഗതിയും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ നിലവില്‍ അഭയാര്‍ത്ഥികള്‍ തിടുക്കപ്പെട്ട് അമേരിക്കയിലേക്ക് വരേണ്ടതില്ല എന്ന ബൈഡന്റെ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബൈഡന്റെ നിലപാടാണ് ഇപ്പോള്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ അമേരിക്കയിലെത്താന്‍ കാരണമായത് എന്ന് റിപ്പബ്ലിക്കന്‍സ് അദ്ദേഹത്തിനെതിരെ വലിയ രീതിയില്‍ ആരോപണം ഉയര്‍ത്തുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.