1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2021

സ്വന്തം ലേഖകൻ: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് കര്‍ശന അന്വേഷണം പ്രഖ്യാപിച്ച് ജോ ബൈഡന്‍. രാജ്യത്ത് ആഭ്യന്തര കലാപം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആശയങ്ങളുടെ പ്രചരണം നടക്കുന്നുണ്ടോയെന്ന് വിശദമായി അന്വേഷിക്കാനാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും പൊലീസിനും ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

“വസ്തുതാപരമായ വിലയിരുത്തലുകളാണ് നമുക്ക് ആവശ്യം. ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലേ നമുക്ക് നയങ്ങള്‍ രൂപീകരിക്കാന്‍ കഴിയൂ,” വൈറ്റ് ഹൗസ് സെക്രട്ടറി ജെന്‍ സാകി മാധ്യമങ്ങളോട് പറഞ്ഞു. എഫ്.ബി.ഐയുടെയും ഹോംലാന്റ് സെക്യൂരിറ്റിയുടെയും സഹകരണത്തോടെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതലയെന്നും ജെന്‍ സാകി അറിയിച്ചു.

ആഭ്യന്തര കലാപ ഭീഷണികള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനും വിലയിരുത്തുന്നിതിനും പുറമെ ഇത്തരം തീവ്ര ഗ്രൂപ്പുകളെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇത്തരം ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ കൈമാറാന്‍ സാധിക്കും വിധം നയങ്ങളില്‍ മാറ്റം വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

വളര്‍ന്നുവരുന്ന അക്രമാസക്തരായ തീവ്ര ഗ്രൂപ്പുകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നത് ക്യാപിറ്റോള്‍ ആക്രമണം അടിവരിയിട്ടു കാണിച്ചു തന്നുവെന്നും ജെന്‍ സാകി കൂട്ടിച്ചേര്‍ത്തു. അതേസമയം ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനോ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും ബഹുമാനിച്ചു കൊണ്ടു തന്നെയായിരിക്കും പുതിയ നയങ്ങള്‍ നടപ്പിലാക്കുകയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തീവ്ര നിലപാടുകളുള്ളവര്‍ ജനങ്ങളെ അക്രമത്തിനായി പ്രേരിപ്പിക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന പൊലീസിന്റെ നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ പ്രസ്താവനകള്‍.

2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെയാണ്, അക്രമകാരികളായ വിദേശ തീവ്രവാദ ഗ്രൂപ്പുകളെ നേരിടുന്നതിനായി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് എന്ന ഏജന്‍സിയെ അന്നത്തെ അമേരിക്കന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇപ്പോള്‍ ആഭ്യന്തര കലാപവും അക്രമവും നേരിടുന്നതിനായി ഇതേ ഏജന്‍സിയെ തന്നെ അമേരിക്കയ്ക്ക് ഉപയോഗിക്കേണ്ടി വന്നിരിക്കുകയാണെന്നാണ് ജെന്‍ സാകിയുടെ പ്രസ്താവനക്ക് പിന്നാലെ പലരും ചൂണ്ടിക്കാണിക്കുന്നത്.

വിദേശരാജ്യങ്ങളിലെ തീവ്രഗ്രൂപ്പുകളെയും അവരില്‍ നിന്നുള്ള അക്രമഭീഷണികളെയും നേരിടുന്നതില്‍ അമിത ശ്രദ്ധ കാണിച്ച അമേരിക്ക രാജ്യത്തിനകത്തു തന്നെ വളര്‍ന്നുവന്ന തീവ്ര ഗ്രൂപ്പുകളെ തിരിച്ചറിയുന്നതിലും നേരിടുന്നതിലും പരാജയപ്പെട്ടതായി ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പിറ്റ്‌സ്ബര്‍ഗ് സിനഗോഗ് കൂട്ടക്കൊല കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഈ വിമര്‍ശനങ്ങള്‍.

സര്‍ക്കാര്‍ സംവിധാന വിരുദ്ധരായ ഗ്രൂപ്പുകളും ചില സായുധ ഗ്രൂപ്പുകളുമാണ് രാജ്യത്തെ പല അക്രമങ്ങള്‍ക്കും പിന്നിലെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ക്രിസ് വ്രെ കഴിഞ്ഞ വര്‍ഷം തന്നെ പറഞ്ഞിരുന്നു. ക്യാപിറ്റോള്‍ ആക്രമണത്തില്‍ ഇത്തരത്തിലുള്ള ചില ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.