
സ്വന്തം ലേഖകൻ: ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ യുഎസ് പ്രസിഡന്റാകുമെന്ന് ഉറപ്പായതോടെ ഇന്ത്യക്കാർക്കും സന്തോഷവാർത്ത. അഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർക്കുൾപ്പെടെ യുഎസ് പൗരത്വം ഉറപ്പാക്കുന്ന നടപടികളിലേക്ക് ബൈഡൻ ഭരണകൂടം കടക്കുമെന്നാണറിയുന്നത്. ഏകദേശം 1.1 കോടി കുടിയേറ്റക്കാർ യുഎസ് പൗരത്വം കാത്തിരിപ്പുണ്ട്. അതിൽ അഞ്ചു ലക്ഷത്തോളം പേർ ഇന്ത്യക്കാരാണ്. പ്രതിവർഷം കുറഞ്ഞത് 95,000 കുടിയേറ്റക്കാർക്കെങ്കിലും യുഎസിലേക്കു പ്രവേശനം അനുവദിക്കാനും ആലോചനയുണ്ടെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
യുഎസിലേക്കു കുടിയേറിയ ഇന്ത്യക്കാരെ പിന്തുണയ്ക്കുമെന്ന് ബൈഡൻ ക്യാംപെയ്ൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ വേരുകളുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസ് കൂടിയെത്തുന്നതോടെ ഇനി കുടിയേറ്റക്കാരുടെ വിഷയങ്ങളിൽ കൂടുതൽ കാര്യക്ഷമമായ നീക്കമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. കുടിയേറ്റക്കാർ എങ്ങനെയാണ് യുഎസിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചതെന്നും ബൈഡൻ പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം ഉറപ്പാക്കുന്ന നിയമഭേദഗതിക്കായിരിക്കും യുഎസ് കോൺഗ്രസ് ആദ്യശ്രമം നടത്തുകയെന്നും ബൈഡൻ വ്യക്തമാക്കി.
കുടുംബ വീസ നൽകുന്നതിന് ഉൾപ്പെടെ നിലവിലുള്ള തടസ്സങ്ങൾ മറികടക്കുന്നതിനും ശ്രമമുണ്ടാകും. കുടുംബത്തെ പരസ്പരം അകറ്റിയുള്ള നിയമമായിരിക്കില്ല നടപ്പാക്കുക. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആവശ്യപ്രകാരം പ്രതിവർഷം 1.25 ലക്ഷം പേര്‍ക്കെങ്കിലും കുടിയേറ്റത്തിന് ഔദ്യോഗിക അനുമതി നൽകുന്ന നീക്കമായിരിക്കും പുതിയ പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്നും ബൈഡൻ ക്യാംപെയ്ന്റെ നയരേഖ വ്യക്തമാക്കുന്നു. കുടിയേറ്റക്കാരെ കണ്ടെത്താൽ തൊഴിലിടങ്ങളിൽ പരിശോധന നടത്തുന്നതും ചില പ്രത്യേക മേഖലകളിലെ കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന നിയമ നടപടികൾ തടയുന്നതും ഉൾപ്പെടെയുള്ള നീക്കവും ഉണ്ടാകും.
യുഎസിൽ കുടിയേറ്റക്കാർക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻകാർഡ് അപേക്ഷകളിലും ബൈഡന്റെ വരവോടെ മാറ്റുണ്ടാകും. ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവരിൽ നിന്ന് ചില വിഭാഗക്കാരെ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നീക്കം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാൽ ഇത്തരം വീസകൾ വർധിപ്പിക്കാനാണ് ബൈഡന്റെ തീരുമാനം. ഒട്ടേറെ ഇന്ത്യക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു കൂടിയായിരിക്കും ഇതോടെ വിരാമമാവുക. സിറിയ, ഇറാൻ തുടങ്ങിയയിടങ്ങളിൽനിന്നുള്ളവർക്ക് ട്രംപിന്റെ കാലത്ത് ഏർപ്പെടുത്തിയ യാത്രാവിലക്കുകൾക്കും ബൈഡന്റെ വരവോടെ അവസാനം കുറിക്കും. പ്രസിഡന്റ് സ്ഥാനത്തെത്തി ആദ്യം നടപ്പാക്കുന്ന നയങ്ങളിലൊന്നായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ സർക്കാർ എച്ച് 1-ബി വീസകളുടെ എണ്ണം ഉയർത്തുമെന്നും സൂചനയുണ്ട്. ഓരോ രാജ്യത്തിന് നിശ്ചിത എണ്ണം വീസകൾ മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്. ഈ രീതിയിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം 10,000ത്തോളം ഇന്ത്യക്കാർക്ക് ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തൽ. എച്ച്-1ബി വീസയുമായി യു.എസിലെത്തുന്നവരുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് നിഷേധിക്കുന്ന നയത്തിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. യു.എസിൽ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം .
നേരത്തെ ട്രംപ് ഭരണകൂടം എച്ച്-1ബി വീസയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യയിൽ വൻകിട ഐ.ടി കമ്പനികൾക്ക് കനത്ത തിരിച്ചടി നൽകുന്ന തീരുമാനമാണ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. തുടർന്ന് ഐ.ടി കമ്പനികൾ യു.എസിൽ നിന്ന് തന്നെ ജോലിക്കാരെ തേടാൻ നിർബന്ധിതരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല