
സ്വന്തം ലേഖകൻ: കലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്ര ദേശീയ ആരോഗ്യമേഖലയുടെ തലപ്പത്തേക്ക്. ഫെഡറല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം മേധാവിയായി ബെക്രയെ തെരഞ്ഞെടുത്തത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ടാണ്. പകര്‍ച്ചവ്യാധിയുടെ നിര്‍ണായക നിമിഷത്തില്‍ വകുപ്പിനെ നയിക്കുന്നതില്‍ അദ്ദേഹത്തിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെങ്കിലും ബൈഡന്റെ പിന്തുണ വലിയ ഗുണമാകും.
2017 ല്‍ കലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലാകുന്നതിന് മുമ്പ് ലോസ് ഏഞ്ചല്‍സിനെ പ്രതിനിധീകരിച്ച് സേവ്യര്‍ ബെക്ര കോണ്‍ഗ്രസില്‍ 12 തവണ സേവനമനുഷ്ഠിച്ചു. സേവ്യര്‍ ബെക്രയെ ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്ത നടപടി പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ നീതി, കുടിയേറ്റം എന്നീ വിഷയങ്ങളില്‍ ബെക്രയുടെ മികച്ച പ്രൊഫൈല്‍ അദ്ദേഹത്തിന്റെ ഹ്യൂമന്‍ റിസോഴ്‌സസ് മേഖലയിലും വലിയ ഗുണം നല്‍കും.
ബക്രയെ കൂടാതെ ആരോഗ്യമേഖലയില്‍ കാര്യമായ പൊളിച്ചെഴുത്തിന് ബൈഡന്‍ തയാറായിട്ടുണ്ട്. മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ പകര്‍ച്ചവ്യാധികളുടെ തലവനായ ഡോ. റോച്ചല്‍ വലന്‍സ്‌കിയെ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങളെ നയിക്കാന്‍ തിരഞ്ഞെടുക്കും. ഡോ. വലന്‍സ്‌കി, തിരഞ്ഞെടുക്കപ്പെട്ടതായി നേരത്തെ പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഡോ. റോബര്‍ട്ട് ആര്‍. റെഡ്ഫീല്‍ഡിനു പകരം രാജ്യത്തിന്റെ പാന്‍ഡെമിക് റെസ്‌പോണ്‍സ് ടീമിന്റെ മുന്‍നിരയിലുള്ള ശാസ്ത്ര ഏജന്‍സിയുടെ നേതാവായാണ് ഡോ. വലന്‍സ്‌ക്കിയെ നിയമിക്കുന്നത്.
പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴില്‍ സര്‍ജന്‍ ജനറലായി സേവനമനുഷ്ഠിച്ച ഡോ. വിവേക് മൂര്‍ത്തി, ബൈഡന് വേണ്ടി ആ സ്ഥാനമേല്‍ക്കും. മെഡിക്കല്‍ പ്രശ്‌നങ്ങളെക്കുറിച്ച് ബൈഡന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവില്‍ ഒരാളായി അദ്ദേഹം മാറും, കൂടാതെ പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന ഹെല്‍ത്ത് കമ്യൂണിക്കേഷന്‍ സെല്ലിന്റെ ടീമിനെയും നയിക്കും.
ഒബാമയുടെ നാഷനല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ തലവനായി പ്രവര്‍ത്തിക്കുകയും ആരോഗ്യ നിയമത്തിന്റെ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് വിപണനകേന്ദ്രത്തിന്റെ ചുരുളഴിയുകയും ചെയ്ത ഒരു സംരംഭകനും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമായ ജെഫ്രി ഡി. സിയന്റ്‌സ് വൈറ്റ് ഹൗസിലെ കൊറോണ വൈറസ് തലവനായി മാറും. വാക്‌സീനേഷനും കൊവിഡ് പ്രതിരോധത്തെയും ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കും.
പെന്റഗണിന്റെ ആദ്യത്തെ വനിതാ ചീഫായി മിഷേല്‍ ഫ്‌ലോര്‍നോയി എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തലവനായി വിരമിച്ച ആര്‍മി ജനറല്‍ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി തെരഞ്ഞെടുത്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യ വനിതാ ചീഫ് എന്ന ചരിത്രത്തിന് സാധ്യതയില്ലാതായെങ്കിലും ലോയ്ഡ് ഓസ്റ്റിനിലൂടെ ആദ്യമായി പെന്റഗണിന് കറുത്ത വര്‍ഗക്കാരനായ തലവനെയാണ് ലഭിക്കുന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനമെടുത്തു കഴിഞ്ഞെന്നും വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2003ല്‍ ബാഗ്ദാദില്‍ അമേരിക്കന്‍ ട്രൂപ്പുകളെ നയിച്ചത് ജനറല്‍ ലോയ്ഡ് ഓസ്റ്റിനായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ നിരവധി സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ലോയ്ഡ് ഓസ്റ്റിനായിരുന്നു.
ബൈഡന്റെ ക്യാബിനറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും അതിനനുസരിച്ചു കൂടിയായിരിക്കും വിവിധ സ്ഥാനങ്ങളിലേക്കുള്ളവരെ നിയമിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീയെ നിയമിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ അണ്ടര്‍ സെക്രട്ടറി മിഷേല്‍ ഫ്‌ലോര്‍നോയി വരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. മിഷേല്‍ പെന്റഗണിന്റെ തലപ്പത്തെത്തിയാല്‍ അമേരിക്കയുടെ ചരിത്രത്തില്‍ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ സ്ത്രീയാകുമായിരുന്നു ഇവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല